ബന്ധുവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

ചടയമംഗലം: പോരേടത്ത് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ബന്ധുവായ യുവാവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇടയ്ക്കോട് പാറവിളവീട്ടില്‍ കലേഷി(24)നാണ് ഗുരുതരമായി പൊള്ളലേറ്റത്. ബന്ധുവായ സനലാ(29)ണ് ആക്രമണം നടത്തിയത്. സനലിന്റെ ഭാര്യയെ കലേഷ്  ശല്യപ്പെടുത്തുന്നതിനുള്ള മുന്‍ വിരോധത്തെത്തുടര്‍ന്ന് കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. കലേഷ് ജോലി ചെയ്തിരുന്ന പോരേടം ചന്തമുക്കിലെ വി.എം ബൈക്ക് കെയര്‍ എന്ന സ്ഥാപനത്തിലേക്കെത്തിയ സനല്‍ ബക്കറ്റില്‍ കരുതിയിരുന്ന പെട്രോള്‍ കലേഷിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പുറത്തേക്കോടിയ കലേഷിന്റെ ദേഹത്തേക്ക് സനല്‍ കയ്യിലുണ്ടായിരുന്ന പന്തത്തില്‍ തീകൊളുത്തി എറിയുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ കലേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
തുടര്‍ന്ന് സനല്‍ ചടയമംഗലം പൊലിസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. കൊലപാതകശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വിരളടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement