ഓട്ടോറിക്ഷയില്‍ നിന്ന് പണം കവര്‍ന്ന കാപ്പാ പ്രതിയും സഹായിയും പിടിയില്‍

Advertisement

കൊല്ലം: വീടിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡ് കുത്തിത്തുറന്ന് മോഷണം നടത്തിയ കാപ്പാ പ്രതിയും സഹായിയും പോലീസിന്റെ പിടിയിലായി. അയത്തില്‍ താഴത്തുവിള വയലില്‍ വീട്ടില്‍ പ്രസീത്(26), സഹായി വടക്കേവിള എസ്.വി നഗറില്‍ പുത്തന്‍ പണയില്‍ വീട്ടില്‍ അനന്തു(27) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
അയത്തില്‍ സ്വദേശിനി ഷാജിതയുടെ ഓട്ടോറിക്ഷയില്‍ നിന്നുമാണ് പ്രതികള്‍ മോഷണം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വീടിന് മുന്‍വശത്തുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡ് കുത്തിത്തുറന്ന പ്രസീത് 30,000 രൂപയും മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, തുടങ്ങിയവയും കൈക്കലാക്കിയ ശേഷം അനന്തുവിനൊപ്പം രക്ഷപെട്ടു.
ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ഷാജിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രസീത് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുണ്ട്.
കരുതല്‍ തടങ്കലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ അജേഷ്, സിപിഒ മാരായ അനീഷ്, സുമേഷ്, മനോജ്, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Advertisement