എ.സി. യുടെ ഔട്ട് ലെറ്റില്‍ നിന്നും ചൂടുവായു: പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: എ.സി. യുടെ ഔട്ട് ലെറ്റില്‍ നിന്നും വമിക്കുന്ന ചൂട് വായു അയല്‍വാസിക്ക് ഉപദ്രവമാവുകയാണെന്ന പരാതിയില്‍ വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അയല്‍വാസി രാത്രി കാലങ്ങളില്‍ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുകയാണെന്ന പരാതിയും പരിശോധിക്കണമെന്ന് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി കൊല്ലം മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
കാവനാട് വള്ളിക്കീഴ് ശ്രീതിരുപ്പതി ഭവനില്‍ ജെ. പവിത്രന്‍ വള്ളിക്കീഴ് സ്വദേശി വിഷ്ണുവിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മുന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. എ.സിയുടെ ഔട്ട് ലെറ്റില്‍ നിന്നും ചൂടുവായു അയല്‍വാസിയുടെ വീട്ടിലേക്ക് കടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് അവാസ്തവമാണെന്ന് പരാതിക്കാരന്‍ അറിയിച്ചു. തുടര്‍ന്നാണ് ഒരിക്കല്‍ കൂടി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Advertisement