മത സൗഹാര്‍ദ്ദ സമ്മേളനങ്ങളെക്കാള്‍ ഇന്നുവേണ്ടത് രാഷ്ട്രീയ സൗഹാര്‍ദ്ദ സമ്മേളനങ്ങളെന്ന് ഡോ. എംഎം ബഷീര്‍

ശാസ്താംകോട്ട . മത സൗഹാര്‍ദ്ദ സമ്മേളനങ്ങളെക്കാള്‍ ഇന്നുവേണ്ടത് രാഷ്ട്രീയ സൗഹാര്‍ദ്ദ സമ്മേളനങ്ങളാണെന്നും ഇത് കേരളത്തില്‍ എന്നെങ്കിലും നടക്കുമോ എന്ന് അറിയില്ലെന്നും പ്രഭാഷകന്‍ ഡോ. എം എം ബഷീര്‍ അഭിപ്രായപ്പെട്ടു. ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ എട്ടാം ഉല്‍സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരികസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയം വേറൊരു രാഷ്ട്രീയത്തെ കടന്നുകയറാന്‍ ശ്രമിക്കലാണ് നടക്കുന്നത്, ഓരോരുത്തരും അവരവര്‍ നില്‍ക്കുന്ന രാഷ്ട്രീയതത്വങ്ങളും മതതത്വങ്ങളും അനുസരിച്ചാല്‍തന്നെ നാട് ശാന്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആര്‍ രാജേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഗീതഅക്കാഡമി അവാര്‍ഡ് ജേതാവ് കഥകളിനടന്‍ ഇഞ്ചക്കാട് രാമചന്ദ്രന്‍, നോവലിസ്റ്റ് ഹരികുറിശേരി, പ്രഭാഷകന്‍ പി.കെ.അനില്‍ എന്നിവരെ എന്‍എസ്എസ് കുന്നത്തൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ ആര്‍ ശിവസുതന്‍പിള്ള ആദരിച്ചു.

ക്ഷേത്രകലാസമര്‍പ്പണത്തിന്റെ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പാച്ചൂസ് കൃഷ്ണന്‍കുട്ടിയെ അനുമോദിച്ചു. പൊതുപ്രവര്‍ത്തകന്‍ എസ് ദിലീപ്,ഉപദേശക സമിതി സെക്രട്ടറി ജി പങ്കജാക്ഷന്‍പിള്ള,വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്‌റ് മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

Advertisement