സ്മൃതി കുടീരങ്ങളിൽ രക്തപുഷ്‌പങ്ങൾ അർപ്പിച്ച്  ശൂരനാട്  രക്തസാക്ഷിദിനം ബുധനാഴ്ച , കൊടിയ പൊലീസ് പീഡനത്തിൽ രക്തസാക്ഷികളായ അഞ്ച് സമര സഖാക്കളുടെ ഓർമ്മയിൽ ശൂരനാട്

ആര്‍. ഹരിപ്രസാദ്

കൊല്ലം. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിന് മേൽ   കാലമെഴുതിയ  ചുവന്ന അദ്ധ്യായമാണ് ശൂരനാട്. അടൂരിലെ പൊലീസ് ലോക്കപ്പിലും ജയിലറകളിലുമായി കൊടിയ മർദനങ്ങളേറ്റ് ശൂരനാട്ടെ അഞ്ച് കർഷക തൊഴിലാളികളാണ് രക്തസാക്ഷികളായത്. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറവും  സമാനതകളില്ലാത്ത  ആദരവോടെ, ആവേശത്തോടെ ശൂരനാടിന്റെ ഗ്രാമ വഴികൾ അവരുടെ പ്രീയ സഖാക്കളെ ചേർത്ത് പിടിക്കുകയാണ്.

പണിയിടങ്ങളിലെ നീതി നിഷേധത്തിൽ അസ്വസ്ഥരായ തൊഴിലാളികൾ പൊലീസുമായി ഏറ്റുമുട്ടുന്നത് 1949 ഡിസംബർ 31 രാത്രിയിലാണ്.

നാട്ടുകാർ മത്സ്യം പിടിച്ചിരുന്ന ശൂരനാട് ഉള്ളന്നൂ‌ർ കുളത്തിലെ മത്സ്യം പിടിക്കാനുള്ള അവകാശം ലേലം ചെയ്തതോടെ കർഷകരും യുവാക്കളും അതിനെ ചോദ്യം ചെയ്ത് സംഘടിച്ചു. ഇവരെ നേരിടാനായി അടൂരിൽ നിന്ന് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം ശൂരനാട്ട് എത്തി. തെന്നില തറവാട്ടിൽ പൊലീസെത്തി തമ്പടിച്ച വിവരം കാട്ടുതീ പോലെ കർഷക കുടുംബങ്ങളിലേക്ക് പാഞ്ഞു. ആക്രമണം ഭയന്ന് അവരും മറുഭാഗത്ത് സംഘടിച്ചു.

ശൂരനാട് കേന്ദ്രീകരിച്ച് രൂപമെടുത്ത  ജനാധിപത്യ യുവജന സംഘത്തിന്റെ പ്രവർത്തകരെ പിടികൂടുക ആയിരുന്നു പൊലീസിന്റെ നീക്കം. അതിനായി വീടുകൾ കയറിയിറങ്ങി പൊലീസ് അന്വേഷണം തുടങ്ങി. കിഴകിട ഏലയിൽ വെച്ച് രാത്രിയിൽ പൊലീസ് സംഘത്തെ കർഷകർ തടഞ്ഞു. തുടർന്ന് നടന്ന സംഘർഷത്തിൽ  സബ്ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാർ കൊല്ലപ്പെട്ടു.

1950 ജനുവരി ഒന്നിന് ശൂരനാട്ട് എത്തിയ തിരുകൊച്ചി പ്രധാനമന്ത്രി പരവൂർ ടി.കെ.നാരായണപിള്ള, ശൂരനാട് എന്നൊരു നാടിനി വേണ്ടെന്ന് പ്രഖ്യാപിച്ചു. ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതകളാണ് പിന്നീടുള്ള ദിവസങ്ങളിൽ ശൂരനാട് നേരിട്ടത്. സംശയമുള്ള യുവാക്കളെയും കർഷകരെയും പൊലീസ് പിടികൂടി ക്രൂരമായി മർദിച്ചു. ശൂരനാട്ട് ഇതിനായി പ്രത്യേക പൊലീസ് ക്യാമ്പ് തന്നെ ആരംഭിച്ചു. ജീവനും കയ്യിൽ പിടിച്ച് പലരും നാട് വിട്ടു. ശേഷിച്ച കുടുംബങ്ങളെല്ലാം  ക്രൂരമായ പൊലീസ് നരനായാട്ടിൽ അനാഥമായി.

അറസ്റ്റിലായ കർഷകരിൽ,  തണ്ടാശേരി രാഘവൻ 1950 ജനുവരി 18ന് അടൂരിലെ പൊലീസ് ലോക്കപ്പിൽ ക്രൂരമായ മർദനങ്ങളേറ്റ് കൊല്ലപ്പെട്ടു.  പിന്നാലെ കളയ്ക്കാട്ടുതറ പരമേശ്വരൻനായർ,  പായിക്കാലിൽ ഗോപാലപിള്ള, കാഞ്ഞിരപ്പള്ളിവടക്ക് പുരുഷോത്തമക്കുറുപ്പ്,മഠത്തിൽ ഭാസ്‌കരൻനായർ എന്നിവരും പൊലീസ് മർദനങ്ങളേറ്റ്  തടവറയിൽ  മരിച്ചു.

പൊലീസിനെ ഭയന്ന് ശൂരനാട്ട് നിന്ന് പലായനം ചെയ്തവരിൽ പലരും തിരികെ വന്നില്ല. കേസിൽ ശിക്ഷിക്കപ്പെട്ടവരെ 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചു. തണ്ടാശേരി രാഘവൻ ജയിലറയിൽ കൊല്ലപ്പെട്ട ജനുവരി 18 ശൂരനാട് രക്തസാക്ഷി ദിനമായി ആചരിക്കുകയാണ്. സി.പി.എം, സി.പി.ഐ എന്നിവർ സംയുക്തമായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് ശൂരനാട് വടക്ക് പൊയ്കയിലെ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്ന് പാറക്കടവിലെ രക്തസാക്ഷി സ്മാരക ഓഡിറ്റോറിയത്തിലേക്ക് നടക്കുന്ന അനുസ്മരണ റാലിയിൽ നാടൊന്നാകെ പങ്കെടുക്കും.

ശൂരനാട്ടെ അതിജീവന പോരാട്ടത്തിൽ പങ്കെടുത്ത  സികെ കുഞ്ഞുരാമൻ,  അയണിവിളകുഞ്ഞുപിള്ള, നടേവടക്കതിൽ പരമുനായർ,  അമ്പിയിൽ ജനാർദ്ദനൻനായർ,  പോണാൽ തങ്കപ്പകുറുപ്പ്,ചിറപ്പാട്ട് ചാത്തൻകുട്ടി, പായിക്കാലിൽ പരമേശ്വരൻനായർ എന്നിവരെല്ലാം പിൽക്കാലത്ത് മരിച്ചു.

ജന്മിവാഴ്ച അവസാനിപ്പിച്ച് പണിയിടങ്ങളിലും ജീവിത ക്രമത്തിലും നീതി ഉറപ്പാക്കാൻ തീരുമാനിച്ചിറങ്ങിയ കർഷകരും അതിന് സാഹചര്യമൊരുക്കിയ ശൂരനാടിന്റെ വയലേലകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ സാമനതകളില്ലാത്ത ധൈര്യത്തിന്റെ അടയാളങ്ങളാണ്.

ചോപ്പ് , അടയാളപ്പെടുത്തും ശൂരനാടിന്റെ സമരേതിഹാസത്തെ 

മാധ്യമപ്രവർത്തകനായ ഹരി കുറിശേരി ശൂരനാടിന്റെ ജീവിത ഗന്ധിയായ സമരേതിഹാസത്തെ അടയാളപ്പെടുത്തിയ ചരിത്ര നോവലായ ചോപ്പ് , ആ നാട് അനുഭവിച്ച വേദനകളെ വായനക്കാരിലേക്ക് ചലച്ചിത്ര കാവ്യം പോലെ പങ്കുവെക്കുന്നുണ്ട്.

നിറം കെട്ടണയുന്ന മാനത്ത് തെളിയുന്ന നക്ഷത്രങ്ങളെ നോക്കി കുഴീകൊച്ച് നിലവിളിച്ചുകൊണ്ടിരുന്നു. അവന്റെ തൊണ്ട നനയ്ക്കേണ്ട മുലപ്പാല് മുറുക്കികെട്ടിയ രു ചീട്ടി റവുക്കയെ നനച്ച് വിയർപ്പിനൊപ്പം ചവുട്ടി മെതിയ്ക്കുന്ന പുതുനെല്ലിൽ കലരുന്നുണ്ടായിരുന്നു.

ചോപ്പ്, ശൂരനാടിന്റെ ജീവിതത്തിലേക്കും, അതിജീവനത്തായി നടത്തിയ പോരാട്ടങ്ങളിലേക്കും പ്രവേശിക്കുന്നത് ഇങ്ങനെയാണ്. നോവലിന്റെ ആദ്യ വരികളിൽ തന്നെ ആ നാട് അനുഭവിച്ചിരുന്ന ജീവിത സാഹചര്യങ്ങൾ വ്യക്തമാണ്. തീവ്രമായ പ്രണയവും കലർപ്പില്ലാത്ത സൗഹൃദങ്ങളും കാരിരുമ്പ് പോലെ ശക്തമായ നിലപാടുകളും ചോപ്പിൽ അടുത്തറിയാം. ശൂരനാട്ടേക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി കടന്ന് വരുന്ന സാങ്കൽപ്പിക കഥാപാത്രമായ രവിയുടെയും ശൂരനാട്ടെ കർഷക കുടുംബത്തിലെ ശ്രീമയിയുടെയും തുറന്ന് പറയാത്ത പ്രണയ മൗനങ്ങൾക്കിടയിലൂടെ കാർഷിക ഗ്രാമം കടന്ന് പോയ സാമൂഹിക സാഹചര്യങ്ങൾ നോവലിലൂടെ വായിച്ചെടുക്കാനാകും.

ശൂരനാട്ടെ ആദ്യ രക്തസാക്ഷിയായ തണ്ടാശേരി രാഘവനും ഭാര്യ സരോജിനിയും തമ്മിലുള്ള സമാനതകളില്ലാത്ത ആത്മബന്ധവും സ്നേഹവും ചരിത്ര നോവലിനെ കൂടുതൽ ജീവിത ഗന്ധിയാക്കുകയാണ്.

തണ്ടാശേരിയെ പോലെ , മനസിനെ പിന്തുടരും നടേവടക്കതിൽ പരമുനായർ. ചെറുത്ത് നിൽപ്പിൽ പൊലീസുകാർ കൊല്ലപ്പെട്ടതിന് ശേഷം നാട് വിട്ട് പോയ അദ്ദേഹം  പിന്നീട് ജയിലിലായി.

കമ്മ്യൂണിസ്റ്റാണെന്ന് അറിഞ്ഞ് വീട് വിലക്ക് നേരിട്ടതിന് ശേഷം കുഞ്ഞിനെ കാണാൻ അദ്ദേഹം ഭാര്യയുടെ  വീട്ടിലെത്തുന്ന രംഗം ചലച്ചിത്രത്തിലെന്ന പോലെ വായനക്കാരന്റെ മനസിൽ തങ്ങി നിൽക്കുന്നതാണ്. രാത്രിയിൽ തീപ്പെട്ടിക്കൊള്ളിയുടെ വെളിച്ചത്തിൽ മാത്രമാണ് അദ്ദേഹം കുഞ്ഞിനെ കണ്ടത്.  പിന്നീട് ജയിലിൽ കഴിയുമ്പോൾ അച്ചൻ കാണാനെത്തുമ്പോഴാണ് കുഞ്ഞ് മരിച്ച് പോയ വിവരം പരമുനായരോട് പറയുന്നത്. തീപ്പെട്ടിക്കൊള്ളിയുടെ വെളിച്ചത്തിൽ താൻ കണ്ട കുഞ്ഞിന്റെ തിളക്കമുള്ള മുഖം ഇനിയില്ലെന്ന രച്ഛന്റെ തിരിച്ചറിവ് മികച്ച കയ്യടക്കത്തോടെയാണ് നോവലിസ്റ്റ് അടയാളപ്പെടുത്തുന്നത്.

തണ്ടാശേരിയുടെ കൊലപാതകം, സുഹൃത്തായ ഇളയാംവിള ഗംഗാധരൻ വക്കീലാഫീസിൽ നിന്ന് അറിയുന്നതും ഈ വിവരം അദ്ദേഹത്തിന്റെ ഭാര്യ സരോജിനിയോട് ഗംഗാധരൻ പറയുന്നതുമൊക്കെ  നോവലിനപ്പുറം ജീവിത യാഥാർത്ഥ്യങ്ങളായിരുന്നുവെന്ന തിരിച്ചറിവ് നൽകുന്ന വേദന ചെറുതല്ല.

നിങ്ങൾ അന്വേഷിക്കുന്ന പോണാൽ തങ്കപ്പക്കുറുപ്പ് ഞാനാണ്, അച്ഛനെ വെറുതെ വിടണമെന്ന് പറഞ്ഞ് അടൂരിലിലെ പൊലീസ് ക്യാമ്പിലെത്തി തങ്കപ്പക്കുറപ്പ് കീഴടങ്ങുന്ന രംഗമുൾപ്പെടെ മായാതെ വായനക്കാരനിലേക്ക് പതിഞ്ഞ് പോകുന്ന ദൃശ്യങ്ങൾ ഏറെയാണ്. പായിക്കാലിൽ ഗോപാലപിള്ള ജയിലിൽ മരിച്ചുവെന്ന വാർത്തറിയുമ്പോൾ ഭാര്യ കമലമ്മ വീടിന്റെ ഉമ്മറത്ത് തകർന്നിരിക്കുന്ന രംഗം നോവലിലുണ്ട്. മരണവിവരം അറിയുമ്പോൾ ജയിലിൽ നിന്ന് പായിക്കാലിൽ ഗോപാലപിള്ള ഭാര്യയ്ക്കെഴുതിയ കത്ത് വീട് മേഞ്ഞ ഓളക്കീറുകൾക്കിടയിൽ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു.

ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ, ഭാർഗവി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മക്കൾ തുടങ്ങിയവർ അനുഭവിച്ച സങ്കടങ്ങളുടെ കടലിനെ ആഴത്തിൽ നോവലിൽ വായിച്ചെടുക്കാം. കിഴക്കൻ മലയോരത്തെ ഏതോ വള്ളിപ്പടർപ്പുകൾക്കിടയിൽ അന്തിയുറങ്ങുന്ന 11 വയസ് മാത്രമുണ്ടായിരുന്ന ഭാർഗവിയും ശൂരനാട് സംഭവത്തിന്റെ രക്തസാക്ഷിയാണെന്ന് നോവൽ വായനക്കാരനെ  ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നു.

ശൂരനാടിന്റെ കാർഷിക ജീവിതം, കൃഷി വിളകൾ, തിരുവിതാംകൂറിന്റെ അക്കാലത്തെ പ്രാദേശിക ഭാഷ, അഴകിയകാവ് കുറുമ്പ കാളി ക്ഷേത്രമുൾപ്പെടെയുള്ള ആരാധനാലയങ്ങൾ, ഓണാട്ടുകരയുടെ പരമ്പരാഗത ശൈലികൾ തുടങ്ങിയവയും നോവിലിലൂടെ അടുത്തറിയാനാകാം.

ചോപ്പ്, കടന്ന് പോകുന്നത് ശൂരനാട് വിപ്ലവത്തിന്റെ രാഷ്ട്രീയ വഴികളിലൂടെ മാത്രമല്ല. തിരുവിതാംകൂറിന്റെ രാഷ്ട്രീയ മാറ്റത്തിന് വേണ്ടി ജീവിതം സമർപപ്പിച്ച കർഷക തൊഴിലാളികളുടെ വ്യക്തി ജീവിതങ്ങളിലൂടെ കൂടിയാണ്. ശൂരനാട് വിപ്ലവത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാവരുടെയും വ്യക്തി ജീവിതത്തിന്റെ ആഴങ്ങളിലൂടെ നോവൽ സഞ്ചരിക്കുകയാണ്. അവരുടെ കുടുംബം, ഉപജീവനം, ശൂരനാട്ട് പ്രതിരോധത്തിനായി സംഘടിക്കേണ്ടി വന്ന സാഹചര്യം തുടങ്ങി ഓരോ കുടുംബങ്ങളിലേക്കും നോവൽ കടന്ന് ചെല്ലുന്നു.

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിൽ മോചിതരാക്കുന്ന സമരഭടൻമാർ ജന്മനാട്ടിലേക്ക് മടങ്ങി വരുന്ന രംഗവും ആവേശഭരിതമായി മാത്രമേ വായിച്ച് തീർക്കാനാകൂ. അവസാന വരിയും തീർന്ന് കഴിയുമ്പോൾ തണ്ടാശേരി രാഘവൻ ഉൾപ്പെടെ ശൂരനാട്ടെ ഓരോ വിപ്ലവകാരികളും അത്രമേൽ നമ്മുടെ ജീവിതത്തോട് ലയിച്ച് ചേർന്നിരിക്കും.

നാടിന്റെ പ്രാദേശിക ചരിത്രത്തെ അറിയാൻ, അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പഠന ഗ്രന്ഥം പോലെ വായിക്കാനും സൂക്ഷിച്ച് വെക്കാനുമാകുന്ന പുസ്തകമായി ചോപ്പ് മാറുകയാണ്.

Advertisement