കരുനാഗപ്പള്ളിയിൽ നിന്നൊരു സമ്പൂർണഭാഗവതം

കരുനാഗപ്പള്ളിരേഖകൾ 19

ഡോ. സുരേഷ്മാധവ്
വ്യാസഭാഗവതം മലയാളത്തിലേയ്ക്ക് കൊണ്ടുവന്നപ്പോൾ എഴുത്തച്ഛൻ തന്റെ മനോധർമവും അതിൽ ചേർത്തിരുന്നു. അദ്ധ്യാത്മഭാഗവതം എഴുത്തച്ഛന്റേതല്ല എന്നു പറഞ്ഞ പണ്ഡിതൻമാരുമുണ്ട്.ഏതായാലും അഞ്ഞൂറ് വർഷത്തിനിപ്പുറം, ആധുനികകാലത്ത് വ്യാസഭാഗവതം സമ്പൂർണമായി മലയാളത്തിലാക്കാൻ കരുനാഗപ്പള്ളിയിൽ നിന്ന് ഒരാൾ രണ്ടും കല്പിച്ചിറങ്ങി. അതായിരുന്നു മുഴങ്ങോട്ടു വിള കൃഷ്ണപിള്ള. അങ്ങനെ മലയാളത്തിലെ സമ്പൂർണ വിവർത്തനമായ ഭാഗവതം പിറവികൊണ്ടു. “എഴുത്തച്ഛന്റെ ഭാഗവതം കഴിഞ്ഞാൽ പിന്നെ മുഴങ്ങോട്ടുവിള “എന്ന ശൈലി മലയാളത്തിലുണ്ടായി.


1887ഫെബ്രുവരി 4ന് കരുനാഗപ്പള്ളി മുഴങ്ങോട്ടുവിള വീട്ടിലാണ് കൃഷ്ണപിള്ള ജനിച്ചത്. പിതാവ് തേവലക്കര ചെല്ലശ്ശേരിൽ കേശവപിള്ള. മാതാവ് ചിരുതേയിഅമ്മ. തേവലക്കരപുത്തൻവീട്ടിൽ കൃഷ്ണപിള്ള ആശാനായിരുന്നു പ്രഥമഗുരു. പിന്നീട് കരുനാഗപ്പള്ളി പ്രൈമറി സ്കൂളിൽ പഠിച്ചു. ജ്യേഷ്ഠന്റെ അകാല മരണത്തോടെ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. എങ്കിലും “കൊച്ചുകൃഷ്ണന്റെ “സാമർഥ്യം തിരിച്ചറിഞ്ഞ കരിങ്ങാട്ടിൽ നാണു ആശാൻ, സംസ്കൃതകാവ്യങ്ങൾ പഠിപ്പിക്കുവാൻ മുന്നോട്ടുവന്നു. സ്വന്തം നിലയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ കൃഷ്ണപിള്ള കഴിവുനേടി.1905ൽ തേവലക്കര പെരുമ്പള്ളിൽ നാരായണി അമ്മയെ വിവാഹം കഴിച്ചു. രണ്ടു സന്താനങ്ങൾ ഉണ്ടായി. പിന്നീട് സാംസ്കാരികരംഗത്ത് സജീവമായപ്പോൾ പന്നിശ്ശേരി നാണുപിള്ളയുടെ പിന്തുണ ലഭിച്ചു.

പന്നിശ്ശേരിക്കളരിയിലെ സാഹിത്യസംവാദങ്ങൾ കൃഷ്ണപിള്ളയെ സ്വാധീനിച്ചു. അക്കാലത്താണ് പരമഭട്ടാരശതകം, ജപമാല, ശ്രീകൃഷ്ണവിജയം ഭാഷ,ശാകുന്തളം ഭാഷ, നാരായണീയം ഭാഷ തുടങ്ങിയ കൃതികൾ രചിച്ചത്. ഭാഗവതത്തെകുറിച്ചുള്ള ചിന്തകളിൽ നിന്നാണ് വ്യാസമഹാഭാഗവതത്തിന്റെ ഒരു പരിപൂർണ പരിഭാഷയെക്കുറിച്ച് മുഴങ്ങോട്ടുവിള ആലോചിക്കുന്നത്. ഒപ്പം നിൽക്കാമെന്ന് പന്നിശ്ശേരിയുടെ വാക്ക് കിട്ടിയതോടെ തീരുമാനം ഉറച്ചു.മൂലകൃതികൾ ശ്രദ്ധിച്ചു പരിശോധിച്ച ശേഷമാണ് മുഴങ്ങോട്ടുവിളയും പന്നിശ്ശേരിയും കൂടി വിവർത്തനം തുടങ്ങിയത്. ആരംഭം കുറിക്കാൻ മാത്രമേ പന്നിശ്ശേരിയെ കാലം അനുവദിച്ചുള്ളൂ.1942ൽ അമ്പത്തിയേഴാം വയസ്സിൽ അദ്ദേഹം കഥാവശേഷനായി.ആ ദുഃഖം തരണം ചെയ്തുകൊണ്ട് മുഴങ്ങോട്ടുവിള തന്റെ പ്രയത്നത്തിൽ മുഴുകി.1952ൽ രചന പൂർത്തിയാക്കിയ ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹായത്തോടെ 1954ൽ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു.

ആസ്വാദകലോകം വലിയ വരവേൽപ്പാണ് “മുഴങ്ങോട്ടുവിള ഭാഗവത”ത്തിനു നൽകിയത്. പ്രമുഖ പണ്ഡിതനും സന്യാസിശ്രേഷ്ഠനുമായ സ്വാമി ജ്ഞാനാനന്ദ സരസ്വതി ഈ കൃതിയ്ക്ക് വലിയ പ്രചാരം നൽകുകയും സപ്താഹപാരായണത്തിനു നിർദേശിക്കുകയുമുണ്ടായി. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ഭാഗങ്ങളിൽ മുഴങ്ങോട്ടുവിള ഭാഗവതം വായിച്ചുള്ള നിരവധി സപ്താഹങ്ങൾ അരങ്ങേറി.1964ൽ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു. സാമൂഹിക രംഗത്ത് പൊതുസേവകൻ എന്ന നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മുഴങ്ങോട്ടുവിള കൃഷ്ണപിള്ള 1938 മെയ്‌ 27ന് കരുനാഗപ്പള്ളി കോഴിക്കോട് ശ്രീകൃഷ്ണവിലാസം പ്രൈമറിസ്കൂൾ സ്ഥാപിച്ചതും ശ്രദ്ധേയമാണ്.

1948ൽ ഗവണ്മെന്റിനു സ്കൂൾ വിട്ടുകൊടുത്തു. സമ്പൂർണ ഭാഗവതത്തിന്റെ മൂന്നാം പതിപ്പിനുള്ള തയാറെടുപ്പ് നടക്കുന്നതിനിടയിൽ,1972 എൺപത്തി അഞ്ചാം വയസ്സിൽ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള അന്തരിച്ചു.
അടുത്തകാലത്ത് മുഴങ്ങോട്ടുവിള ഭാഗവതത്തിന്റെ പുതിയ പതിപ്പ് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു. വിവർത്തനത്തിന്റെ ചാരുതയും മൂലകൃതിയോടുള്ള സത്യസന്ധതയും ഈ മഹത് പ്രയത്നത്തിന്റെ കരുത്താണ്.

Advertisement