സിനിമാപറമ്പ് : വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാതയിൽ ഭരണിക്കാവിന് സമീപം സിനിമാപറമ്പിലെ ആക്രിക്കടയിൽ വൻ തീപിടുത്തം.
ഇന്ന്(വ്യാഴം)പുലർച്ചെ 4.30 ഓടെയാണ് സിനിമാപറമ്പ് കെഎസ്ഇബി സബ് സ്റ്റേഷനു മുന്നിലുള്ള ആക്രികടയിൽ തീപിടുത്തം ഉണ്ടായത്.ശാസ്താംകോട്ട പാറയിൽമുക്ക് സ്വദേശി നൗഷാദിന്റെ
ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.

തീപിടിച്ചത്.റോഡിനോട് ചേർന്ന് കടയുടെ വരാന്തയിൽ കിടന്ന പേപ്പർ ബോർഡുകളിലാണ് ആദ്യം തീ പടർന്നത്.പിന്നീട് ആളിപ്പടരുകയായിരുന്നു.പ്രഭാത സവാരിക്കിറങ്ങിയവരാണ് തീ പടരുന്നത് കണ്ടത്.ഉടൻ
തന്നെ ഫയർഫോഴ്സിൽ വിവരമറിയിച്ചു.വിവിധ ഭാഗങ്ങളിൽ നിന്നായി 3 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ ഭാഗത്തേക്ക് പടരാതിരുന്നു.നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.തീപിടുത്തം ഉണ്ടായത് പുലർച്ചെ ആയതിനാലും തൊട്ടു ചേർന്ന വീടുകളിലേക്ക് പടരാതെ ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കിയതിനാലും ഒഴിവായത് വൻ ദുരന്തമാണ്.

2017 ഇവിടെ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടമാണുണ്ടായത്.അന്ന് സമീപ വീടുകളിലേക്കും തീ പടർന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളോ മുൻകരുതലുകളോ കൂടാതെ അലക്ഷ്യമായാണ് ആക്രി സാധനങ്ങൾ ഇവിടെ സൂക്ഷിക്കുന്നതെന്ന് പരാതിയുണ്ട്.കേടായ ഇലക്ട്രിക് – ഇലക്ട്രോണിക്സ് ഉപകരണങ്ങളും പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നു.പ്രധാന റോഡ് അരികിലും ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.വലിയ വൈദ്യുത നിലയങ്ങളിൽ നിന്നും സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകളും 111 കെ.വി ലൈനും കടന്നുപോകുന്നത് ഈ ആകികടക്ക് മുന്നിലൂടെയാണ്.