തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ സ്വപ്നയുടെ കൂട്ടുപ്രതിയായ പി.എസ്.സരിത്തിന്റെ മൊബൈൽ ഫോൺ അനധികൃതമായി പിടിച്ചെടുത്തതിനെ തുടർന്ന് വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ എഡിജിപി: എം.ആർ.അജിത് കുമാറിനു പുതിയ നിയമനം. പൗരാവകാശ സംരക്ഷണത്തിനായി എഡിജിപിയുടെ എക്സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ് നിയമനം. പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടേതിനു തുല്യമായ അധികാരമായിരിക്കും ഈ തസ്തികയ്ക്ക്. ഒരു വർഷത്തേക്കാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണുമായി എം.ആർ.അജിത്കുമാർ നടത്തിയ വാട്സാപ് കോളുകളും വിവാദമായിരുന്നു. വാട്സാപ് കോളിന്റെ കാര്യം സ്വപ്ന വെളിപ്പെടുത്തുകയും ഷാജ് കിരൺ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഐജി: എച്ച്.വെങ്കിടേശിനാണ് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയത്. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് മേധാവിയും അറിയാതെയാണ് സരിത്തിന്റെ ഫോൺ വിജിലൻസ് പിടിച്ചെടുത്തത്. ഇക്കാര്യത്തിലുള്ള അതൃപ്തി ഡിജിപി വിജിലൻസ് മേധാവിയെ അറിയിച്ചിരുന്നു.

ആറു മാസമായി അന്വേഷണം നിലച്ച ലൈഫ് മിഷൻ കേസിൽ സരിത്തിന്റെ ഫോൺ മാത്രം പിടിച്ചെടുത്തതാണ് വിവാദമായത്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് അന്വേഷിക്കുന്ന കേസിൽ പാലക്കാട്ടെ വിജിലൻസ് സംഘത്തെ ഫോൺ പിടിച്ചെടുക്കാൻ ആരു നിയോഗിച്ചെന്ന ചോദ്യവും ഉയർന്നു. നോട്ടിസ് നൽകാതെയാണ് സരിത്തിന്റെ താമസസ്ഥലത്തുനിന്ന് ബലംപ്രയോഗിച്ച് കൊണ്ടുപോയത്.