ഗുരുതര വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്; കോടതിയിൽ രഹസ്യമൊഴി നൽകി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കോടതിയിൽ രഹസ്യമൊഴി നൽകി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവരുമായുള്ള ബന്ധങ്ങൾ വെളിപ്പെടുത്തിയതായാണ് വിവരം.

സ്വർണക്കള്ളക്കടത്ത് കേസിൽ തനിക്ക് ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ് കോടതിയിൽ അപേക്ഷ നൽകിയത് അനുസരിച്ചാണ് എറണാകുളം സിജെഎം കോടതിയാണ് സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അതിനിടെ, മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ ഒരു പെട്ടി കറൻസി കടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലും സ്വപ്‌ന സുരേഷ് നടത്തി. രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഈ വെളിപ്പെടുത്തൽ.

2016ൽ മുഖ്യമന്ത്രി ദുബായ് സന്ദർശിച്ചപ്പോൾ ശിവശങ്കർ തന്നെ ബന്ധപ്പെടുകയും എയർപോർട്ടിൽ പ്രോട്ടോകോൾ അറേഞ്ച്‌മെന്റുകൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച്‌ എല്ലാ കാര്യങ്ങളും ചെയ്തു നൽകി. പിന്നീട് മുഖ്യമന്ത്രി ഒരു ബാഗ് തിരുവനന്തപുരത്ത് മറന്നുവെച്ചെന്നും അത് അടിയന്തരമായി ദുബായിൽ എത്തിക്കണമെന്നും ആവശ്യപെട്ട് ശിവശങ്കർ തന്നെ വീണ്ടും ബന്ധപ്പെട്ടു. തുടർന്ന് ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ അയച്ച പാഴ്‌സൽ കോൺസുലേറ്റിൽ എത്തിച്ചു. പാഴ്‌സൽ കോൺസുലേറ്റിൽ വെച്ച്‌ സ്‌കാനറിൽ ഇട്ട് പരിശോധിച്ചപ്പോൾ അതിൽ കറൻസിയാണെന്ന് ബോധ്യപ്പെട്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യുഎഇ കോൺസുൽ ജനറൽ സാധനങ്ങൾ അയച്ചുനൽകിയെന്നും സ്വപ്‌ന വെളിപ്പെടുത്തി. ഭാരം കൂടിയ പാത്രങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നതെന്നും സ്വപ്‌ന പറയുന്നു. കോടതിയുടെ വിലക്കുള്ളതിനാൽ ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.

Advertisement