എൻറെ കേരളം’ പ്രദർശന വിപണനമേള; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

കൊല്ലം: ആശ്രാമം മൈതാനത്ത് ഏപ്രിൽ 25 ന് തുടങ്ങുന്ന സംസ്ഥാന മന്ത്രിസഭാ വാർഷികത്തിൻറെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെന്ന് സംഘാടക സമിതി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ അഫ്‌സാന പർവീൺ.

കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രദർശന-വിപണന മേളയുടെ രൂപരേഖയ്ക്ക് ജില്ലാ കലക്ടർ അംഗീകാരം നൽകി. ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണമുള്ള വിശാലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

സർക്കാരിൻറെ പ്രവർത്തനം അടയാളപ്പെടുത്തുന്ന 62 തീം സ്റ്റാളുകളും വിവിധ സർക്കാർ വകുപ്പുകളുടെ 103 കമേഴ്‌സ്യൽ സ്റ്റാളുകളുമാണ് സജ്ജീകരിക്കുന്നത്.

എല്ലാ ദിവസവും രാവിലെ 11 നും മൂന്ന് മണിക്കും തിരഞ്ഞെടുത്ത വകുപ്പുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ നടത്തും. വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

കൗതുകമാർന്ന മൃഗ-പക്ഷി ശേഖരത്തിൻറെ പ്രദർശനം, ശ്വാന പ്രദർശനം, ഫയർ റെസ്‌ക്യു പ്രദർശനം, പൊലിസിൻറെ അന്വേഷണ രീതികളുടേയും സൈബർ സുരക്ഷ സംബന്ധിച്ചുമുള്ള വിവരണം, കൃഷി വകുപ്പിന്റെ കാർഷിക പ്രദർശനം, എക്‌സൈസ് വകുപ്പിൻറെ വിമുക്തി പദ്ധതിയുടെ പ്രദർശനം, ഉത്തരവാദിത്ത ടൂറിസം സംബന്ധിച്ച കാഴ്ചകൾ, കുടുംബശ്രീയുടെ രുചിക്കൂട്ട് വൈവിദ്ധ്യം നിറയുന്ന ഫുഡ്‌കോർട്ട് തുടങ്ങിയ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശീതികരിച്ച പ്രദർശന സ്റ്റാളുകളിൽ സർക്കാർ വകുപ്പുകളുടേയും ഏജൻസികളുടേയും വിലക്കുറവിന്റെ വിപണിയുമുണ്ട്. വിവിധ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിലെത്തിക്കുന്ന മേള കൂടിയാണിത്. സൗജന്യമായി ആസ്വദിക്കാവുന്ന പ്രദർശന നഗരിയിലെത്തുന്നവർക്കായി വിനോദവും വിജ്ഞാനവും ഒത്തു ചേരുന്ന അനുഭവങ്ങൾ വേറിട്ട അനുഭവം സമ്മാനിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

Advertisement