കല്യാണ മണ്ഡപത്തിൽ നിന്നും വധു ഇറങ്ങി ഓടി; അമ്പരപ്പോടെ വരനും വീട്ടുകാരും

കൊല്ലം കല്ലുംതാഴത്ത് താലികെട്ടുന്നതിനു തൊട്ടു മുൻപ് കല്യാണ പെണ്ണ് കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടി.

കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിൽ ആണ് സിനിമാതിരക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൺട്രൊതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്നത്.

രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിറയെ ആളുകൾ കല്യാണത്തിന് എത്തിച്ചേർന്നിരുന്നു. താലികെട്ടിനു തൊട്ടുമുൻപ് മാല ഇടുമ്പോഴാണ് പെണ്ണ് മാല ഇടാൻ സമ്മതിക്കാതെ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയത്. അമ്പലത്തിൽ തന്നെയുള്ള ഗ്രീൻ റൂമിൽ കയറി വാതിൽ അടച്ചിരുന്ന കുട്ടിയെ അനുനയിപ്പിക്കാൻ ബന്ധുക്കൾ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു.

ഇതേത്തുടർന്ന് വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും സംഘർഷം ആരംഭിക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കിളികൊല്ലൂർ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പെൺകുട്ടിക്ക് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതിനെ തുടർന്നാണ് താലികെട്ടാൻ സമ്മതിക്കാതിരുന്നത്. പൊലീസ് മധ്യസ്ഥതയിൽ നടത്തിയ ചർച്ചയെത്തുടർന്ന് വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ കേസെടുക്കാതെ വിട്ടു.

Advertisement