വരൻ കഴിച്ച ലഡുവിൻറെ മറുപാതി കഴിക്കാൻ മടിച്ച് വധു; വായിൽ തിരികി കയറ്റി വരൻ; വൈറലായി വീഡിയോ !

വിവാഹ ദിവസം ഏറ്റവും സന്തോഷകരമായി ആഘോഷിക്കാനാണ് എല്ലാ വധൂവരന്മാരും ആഗ്രഹിക്കാറ്. അതുകൊണ്ടുതന്നെ ആ ദിനം അവിസ്മരണീയമായ ഒന്നാക്കി മാറ്റാൻ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്. പക്ഷേ, ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള എല്ലാ തയ്യാറെടുപ്പുകളെയും വിഫലമാക്കാൻ ചെറിയ ചില കാര്യങ്ങൾ മതിയാകും. അത്തരത്തിൽ ഒരു വിവാഹാഘോഷ ചടങ്ങുകൾക്കിടയിൽ നടന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

@shravankr7 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ തൻറെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചത്. ഒരു വിവാഹാഘോഷ ചടങ്ങിൽ വധൂവരന്മാർ പരസ്പരം ലഡു പങ്കുവെച്ച് കഴിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ വധു ഒരു ലഡുവെടുത്ത് വരൻറെ വായിൽ വയ്ക്കുന്നു. തുടർന്ന് വരൻ താൻ കഴിച്ച ലഡുവിൻറെ പകുതി വധുവിൻറെ വായിൽ വയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇത് വധു നിഷേധിക്കുന്നു. മാത്രമല്ല, കടിച്ചതിൻറെ പാതി വേണ്ടെന്നും തനിക്ക് പുതിയ ലഡു മതിയെന്നും ആവശ്യപ്പെടുന്നു. ഇതോടെ വരൻ രോഷാകുലനാവുകയും താൻ കഴിച്ച ലഡുവിൻറെ പകുതി ബലം പ്രയോഗിച്ച് വധുവിൻറെ വായിൽ വെച്ച് നൽകുകയും ചെയ്യുന്നു.

അടുത്ത നിമിഷം വധു തൻറെ വായിൽ തിരുകിക്കയറ്റിയ ലഡു വായിൽ നിന്നും എടുത്ത് കളയുന്നു. വരൻ, വീണ്ടും വധുവിനെ ബലം പ്രയോഗിച്ച് ലഡു കഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ ചുറ്റും നിൽക്കുന്നവർ കൈയടിച്ച് വരനെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ശബ്ദകോലാഹലങ്ങളും വീഡിയോയിൽ കേൾക്കാം. തുടർന്ന് വരൻ തൻറെ ടവ്വൽ കൊണ്ട് വധുവിൻറെ മുഖം തുടച്ച് കൊടുക്കാൻ ശ്രമിക്കുമ്പോൾ വധു അയാളുടെ കൈ തട്ടി മാറ്റുന്നതും വീഡിയോയിൽ കാണാം. വീഡിയോ സാമൂഹിക മാധ്യമത്തിൽ വൈറലായതോടെ നിരവധി പേരാണ് രൂക്ഷ വിമർശനവുമായെത്തിയത്. മിക്കയാളുകളും വരനെതിരെ രൂക്ഷ വിമർശനം ഉയർത്തി. വരൻറെ ഭാഗത്ത് നിന്നും അസുഖകരമായ പ്രവർത്തിയുണ്ടായ ഉടനെ വധുവിൻറെ വീട്ടുകാർ, ആ വിവാഹം വേണ്ടെന്ന് വെയ്ക്കണം എന്നായിരുന്നു ഭൂരിഭാഗം കാഴ്ചക്കാരുടെയും അഭിപ്രായം. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

Advertisement