27.5 C
Kollam
Saturday 17th October, 2026 | 06:51:17 PM
Home News Kerala തിരംഗാ യാത്രയ്ക്കിടെ കസ്റ്റഡിയിലായ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം

തിരംഗാ യാത്രയ്ക്കിടെ കസ്റ്റഡിയിലായ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തിരംഗാ യാത്രയിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലായ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം. കോടതിയിൽ ഹാജരാക്കിയ ദീപ്‌കെയെ ഒരു വർഷത്തേക്ക് പൊതുസമാധാനം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയോടെയുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്.

കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ജാമ്യം ലഭിച്ചത്. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനിരുന്ന ദീപ്‌കെയെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ തിരംഗാ മാർച്ചിൽ പങ്കെടുക്കരുതെന്ന് കാണിച്ച് പൊലീസ് നേരത്തേ നോട്ടീസ് നൽകിയിരുന്നു.

കഴിഞ്ഞ പത്തിന് ജന്തർ മന്തറിലെ മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ദീപ്‌കെയെയും സിജെപി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചെങ്കിലും വീണ്ടും പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള നീക്കത്തിനിടെയാണ് ദീപ്‌കെ കസ്റ്റഡിയിലായത്.

ദീപ്‌കെയ്ക്കൊപ്പം ഇന്നലെ കസ്റ്റഡിയിലായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറയെ ഇന്ന് രാവിലെ പൊലീസ് വിട്ടയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here