കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകളുടെ ദുരുപയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡുകൾ വിതരണം ചെയ്തതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. സംഭവത്തിൽ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സപ്ലൈകോ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ മാവേലി സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന രജീഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഓണക്കാലത്ത് 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് സപ്ലൈകോ പുറത്തിറക്കിയത്. ഇതുവഴി ഇതുവരെ 1.8 കോടി രൂപ സപ്ലൈകോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് പെരുമ്പാവൂരിലെ കീർത്തി നിർമ്മൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ജീവനക്കാർക്ക് നൽകാനെന്ന പേരിൽ ആയിരം ഗിഫ്റ്റ് കാർഡുകൾ നൽകിയതിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് വിവിധ സാധനങ്ങൾ വാങ്ങേണ്ടതിന് പകരം പഞ്ചസാര മാത്രമാണ് സ്ഥാപനം വാങ്ങിയത്. സപ്ലൈകോ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. പഞ്ചസാര സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിലേക്ക് കൈമാറാതെ അരി, പഞ്ചസാര ഡീലറായ കീർത്തി നിർമ്മൽ കമ്പനിക്ക് ജീവനക്കാർ തന്നെ കൈമാറിയതായും കണ്ടെത്തി.
സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ സജീവ് പോൾ, അറക്കപ്പടി മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് അഞ്ജു വിജയൻ, തുറവൂർ മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് സന്ധ്യ എ.എസ്., പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം.ആർ., പോഞ്ഞാശ്ശേരി വിൽപ്പനശാലയിലെ സൗമിനി എസ്., കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സബ്സിഡിയില്ലെങ്കിലും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് സപ്ലൈകോ പഞ്ചസാര ലഭ്യമാക്കിയത്. മൂന്ന് ദിവസത്തിനിടെ ഏകദേശം 4,500 കിലോ പഞ്ചസാര ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് ബിൽ ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ സപ്ലൈകോയുടെ സോഫ്റ്റ്‌വെയറിൽ ഇത്രയും അളവ് ബിൽ ചെയ്യാൻ കഴിയാതെ വന്നതോടെ ശേഷിച്ച ലോഡ് ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്.



























