വയനാട്. തുരങ്കപാതാനിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ട്യൂമാസ് എന്ന ഏജൻസിയും തയ്യാറാക്കിയ റിപ്പോർട്ട് ആണ് പുറത്തുവന്നത്. തുരങ്കമുഖത്തേക്കെത്താൻ മണ്ണെടുത്തതിലും കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചതിലുമുള്ള വീഴ്ചകൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തുരങ്കപാതയുടെ നിർമാണത്തിലുള്ള അപകടസാധ്യതകൾ പഠിക്കാനാണ് കൊങ്കൺ റെയിൽ കോർപ്പറേഷൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും ട്യൂമാസ് എന്ന ടർക്കിഷ് ഏജൻസിയെയും നിയോഗിച്ചത്. ഏജൻസികൾ നടത്തിയ പഠനത്തിൽ ഇടതുഭാഗത്തെ ചെരിവിൽ വലിയ വിള്ളലുകൾ കണ്ടെത്തി. ചരിവിന് ഗുരുതര അസ്ഥിരതയുണ്ടെന്നും മഴ കനത്താൽ മണ്ണിടിച്ചിൽ ഉണ്ടാകാമെന്ന മുന്നറിയിപ്പും നൽകി. ചെരിവിന്റെ ഡിസൈനും മോഡലിങ്ങും പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൺസൂൺ കാലത്ത് തുടർച്ചയായ നിരീക്ഷണം വേണമെന്നും ചെരിവിന് താഴെയുള്ള ജോലികൾ നിർത്തിവെക്കണമെന്നും ഏജൻസികൾ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഇതൊന്നും നടപ്പായില്ല. ഈ ചെരിവിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് കൂട്ടിയിട്ടതിന് സമീപം കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചതിലും വീഴ്ചയുണ്ടെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു. ചരിവിന് സമീപത്തെ ആർഎംസി പ്ലാന്റിന്റെ പ്രവർത്തനവും ഭാരവാഹന ഗതാഗതവും മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പ്രവർത്തനം തുടർന്നു. പ്ലാന്റ് സുരക്ഷിത അകലത്തേക്ക് മാറ്റണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. ജൂൺ 14ന് തന്നെ ഏജൻസികൾ കൊങ്കൺ റെയിൽ കോർപ്പറേഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നിട്ടും പിഴവുകൾ കണ്ടില്ലെന്ന് നടിച്ച് ജോലി തുടർന്ന ദിലീപ് ബിൽഡ് കോണിന്റെ അമിത ആത്മവിശ്വാസമാണ് അപകടത്തിന്റെ വ്യാപ്തി ഇത്രയും വർധിപ്പിച്ചത് എന്ന് വ്യക്തമാക്കുകയാണ് പുറത്തുവരുന്ന തെളിവുകൾ.





























