Home News Breaking News സിപിഎമ്മിന് കോണ്‍ഗ്രസിനെ വിശ്വാസം പോരാ, തിരുവനന്തപുരം കോർപറേഷനിലെ അവിശ്വാസ നീക്കത്തിൽ നിന്ന് യു ഡി എഫ്...

സിപിഎമ്മിന് കോണ്‍ഗ്രസിനെ വിശ്വാസം പോരാ, തിരുവനന്തപുരം കോർപറേഷനിലെ അവിശ്വാസ നീക്കത്തിൽ നിന്ന് യു ഡി എഫ് പിന്മാറി

Advertisement

തിരുവനന്തപുരം: കാപ്പ കേസിൽ കൗൺസിലർ സുഗതൻ ജയിലിലായ പശ്ചാത്തലത്തിലെ തിരുവനന്തപുരം കോർപറേഷനിലെ അവിശ്വാസ നീക്കത്തിൽ നിന്ന് യു ഡി എഫ് പിന്മാറി. യു ഡി എഫ് പ്രതിപക്ഷ നേതാവ് കെ എസ് ശബരിനാഥൻ നടത്തിയ അവിശ്വാസ നീക്കത്തിന് സി പി എമ്മും എൽ ഡി എഫും പിന്തുണ നൽകില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം. വിവാദങ്ങൾക്കിടെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് യു ഡി എഫ് അവിശ്വാസ നീക്കത്തിന് ശ്രമം നടത്തിയത്.

ബി ജെ പിയുമായുള്ള രഹസ്യധാരണ മൂലമാണ് സി പി എം പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷത്ത് തന്നെ ‘അവിശ്വാസം’ വന്നതോടെ നേരിയ ഭൂരിപക്ഷത്തിൽ ഭരണം തുടരുന്ന ബി ജെ പിക്ക് ആശ്വസമായിട്ടുണ്ട്. അവിശ്വാസത്തിനില്ലെങ്കിലും കാപ്പാ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. മേയ‍ർ വി വി രാജേഷ് എത്തുമ്പോൾ പ്രതിഷേധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ കോർപറേഷനിൽ സംഘർഷത്തിനുള്ള സാധ്യതയുണ്ട്. കോർപറേഷനിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിലേ സത്യഗ്രഹം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സി പി എം.

പ്രതിപക്ഷത്ത് ‘അവിശ്വാസം’

നേരിയ ഭൂരിപക്ഷത്തിലുള്ള ബി ജെ പി ഭരണസമിതി താഴെ വീഴുമോ എന്ന ആകാംക്ഷക്കിടെയാണ് പ്രതിപക്ഷത്ത് തന്നെ തർക്കം രൂക്ഷമാകുന്നത്. സി പി എമ്മും കോൺഗ്രസും കൈകോർത്താൽ മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസിന് സാധ്യതയുള്ളു എന്നതാണ് കോർപറേഷനിലെ സ്ഥിതി. എന്നാൽ യു ഡി എഫിന്‍റെ നീക്കത്തെ ഇപ്പോൾ പിന്തുണക്കേണ്ടെന്നാണ് സി പി എം തീരുമാനം. അവിശ്വാസ നീക്കം തുടക്കത്തിലേ പൊളിഞ്ഞതോടെ സി പി എമ്മും കോൺഗ്രസും പരസ്പരം പഴിചാരുകയാണ്. ആകെ അംഗസംഖ്യയുടെ മൂന്നിലൊന്ന് പേരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാകു. 34 കൗൺസിലർമാരുടെ പേരുടെ പിന്തുണ വേണമെന്ന് സാരം.

എൽ ഡി എഫിന് 29 ഉം യു ഡി എഫിനും 20 മാണ് അംഗസംഖ്യ. കൈകോർക്കുന്നതിന് പകരം ഇരുപക്ഷവും കൈ ചൂണ്ടി പോരടിച്ചതോടെ ബി ജെ പി ഭരണം നിലവിൽ സേഫായിട്ടുണ്ട്. അതേസമയം കാപ്പ കേസിൽ ജയിലിലായ സുഗതനെ കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. ഇന്നത്തെ കൗൺസിലിലും സുഗതൻ എത്തിയില്ലെങ്കിൽ പങ്കെടുക്കാതിരുന്ന യോഗങ്ങളുടെ എണ്ണം രണ്ടാകും. മൂന്ന് യോഗങ്ങൾക്കെത്തിയില്ലെങ്കിൽ അയോഗ്യതാ ഭീഷണി ശക്തമാകും. പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതും സുഗതന് കുരുക്കാണ്. മറ്റ് 19 പേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജയിലിൽ നിന്ന് നിയമ വഴി തേടുകയാണ് സുഗതൻ. 25 ദിവസത്തോളം ഇനിയും സമയമുണ്ടെന്നും സുഗതൻ്റെ സത്യപ്രതിജ്ഞക്കായി പാർട്ടിയും സുഗതനും നിയമകാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മേയർ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here