27.5 C
Kollam
Tuesday 29th September, 2026 | 10:46:46 PM
Home News Kerala വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ ദാരുണാന്ത്യം

വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ ദാരുണാന്ത്യം

എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് അത്താണിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു. പത്തനംതിട്ട സ്വദേശികളായ കപില്‍, ആദിത്യന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തിരിയുന്ന അത്താണി ജങ്ഷനിലെ സിഗ്‌നലില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം നടന്നത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കപില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.