തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാരെ വിജയ് ആക്രമിച്ചുവെന്നാണ് കേസ്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് വിജയ് വിമലിനെ അറസ്റ്റ് ചെയ്തിരുന്നത്.
വിജയ് വിമല്‍ പോലീസുകാർക്കുനേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളുടെ ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീട്ടിൽ നിന്ന് റെയ്ഡ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.



































