Home News Breaking News നവകേരള രക്ഷാപ്രവര്‍ത്തനം, പ്രതികളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും

നവകേരള രക്ഷാപ്രവര്‍ത്തനം, പ്രതികളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും

ആലപ്പുഴ. നവകേരള സദസ് യാത്രക്കിടെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ളവർ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച രക്ഷാപ്രവർത്തന കേസിൽ പ്രതികളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും. ആലപ്പുഴ സെക്ഷൻ കോടതിയാണ് രാവിലെയോടെ വിധി പ്രസ്താവിക്കുന്നത്. പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തിലുൾപ്പെട്ടിരുന്ന പോലീസുകാരായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരാണ് കേസിലെ ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ. ഇവരുടെ ജാമ്യാപേക്ഷയിൽ മൂന്നു തവണ വാദം കേട്ടിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷയിൽ വിധി പറയാൻ ചൊവ്വാഴ്ചയിലേക്ക് സെക്ഷൻ ജഡ്ജി ഹണി എം.വർഗീസ് മാറ്റിവച്ചത്.


ജാമ്യാപേക്ഷയിൽ വലിയ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. അതിക്രൂരമായ മർദനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ചട്ടലംഘനം നടത്തിയെന്നുമാണ് വാദിഭാഗം അഭിഭാഷകൻ വാദിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം യൂത്ത് കോൺഗ്രസ് നേതാക്കളുടെ ജീവൻ നഷ്ടപെടാൻ ഇടയാക്കിയേനെ എന്ന പരാമർശമാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അംഗരക്ഷകർ ഉപയോഗിച്ചത് ലാത്തിയല്ലെന്നും മാരക ആയുധമാണെന്നും മനപ്പൂർവ്വം ആക്രമിച്ചതാണെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇതിനെ സമർഥിക്കുന്ന തരത്തിലായിരുന്നു വാദിഭാഗത്തിന്റെ വാദം. നേതാക്കളെ മർദിക്കുന്നതിന്റെ നാലു വീഡിയോ ദൃശ്യങ്ങൾ വാദിഭാഗവും പ്രോസിക്യുഷനും ചേർന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കോടതി കണ്ടു ബോധ്യപ്പെട്ടു.
എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ മുന്മുഖ്യന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും അത് ജോലിയുടെ ഭാഗമായിരുന്നുമെന്നുമാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്.