തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച കാര്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഇന്ന് ചേർന്ന ആദ്യ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായില്ല. നാളെ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്‌ത ശേഷം മുഴുവൻ തീരുമാനങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കും. കോൺഗ്രസിൻ്റെ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ കാര്യത്തിൽ നാളെ തീരുമാനമുണ്ടാവും. തിങ്കളാഴ്ച്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന നേതാവും പ്രചാരണസമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച തർക്കങ്ങളിൽ കൃത്യമായ തീരുമാനമായില്ല. സതീശൻ്റെ മ്രന്തിസഭയിൽ ചേരാൻ ചെന്നിത്തല തീരുമാനിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഏത് വകുപ്പ് എന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഇതിനിടെ ജോസഫ് വാഴയ്ക്കന് കെപിസിസി അധ്യക്ഷപദവി നൽകണമെന്ന ഉപാധി ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്.
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേരുന്നതോടെ ഒഴിവ് വരുന്ന പദവിയിലേക്ക് വാഴയ്ക്കനെ പരിഗണിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ഉണ്ടാവാനിടയില്ല. കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻ്റ് ആയതിനാൽ തന്നെ ഇതിൽ ഒറ്റയടിക്ക് സംസ്ഥാന നേതാക്കൾക്ക് തീരുമാനമെടുക്കാനാവില്ലെന്നതാണ് യാഥാർഥ്യം.
ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ നാളെ കൺറോമെൻ്റ് ഹൗസിൽ നടക്കും. മുസ്ലീം ലീഗ്, കേരള കോൺഗ്രസ് എന്നിവരുമായുള്ള ചർച്ചകളിലൂടെ അവർക്കുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനമായ ശേഷമാവും കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുക. ഘടകകക്ഷികളിൽ നിന്നുള്ള സാമുദായിക അനുപാതം കൃത്യമായി മനസിലാക്കിയ ശേഷം കൂടിയാവും കോൺഗ്രസിൻ്റെ തീരുമാനം. സീനിയോറിറ്റിയും പരിചയവുമുള്ള ഒന്നിലധികം നേതാക്കൾ പാർട്ടിയിലുള്ളതിനാൽ തന്നെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം പലർക്കും തിരിച്ചടിയായേക്കും.
അതേസമയം രമേശ് ചെന്നിത്തലയുടെ നിലപാടും മന്ത്രിസഭാ യോഗത്തിൽ നിർണായകമാണ്. ഇന്ന് ചേർന്ന യോഗത്തിൽ ചെന്നിത്തല പങ്കെടുത്തിരുന്നില്ല. മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ആഭ്യന്തരം വേണമെന്ന നിലപാടിലാണ് ചെന്നിത്തല നിലവിലുള്ളത്. ഇത് അംഗീകരിക്കാനാണ് സാധ്യത. ദീപാ മുൻഷി നേരിട്ടെത്തി ചർച്ച നടത്തുകയും ചെയ്‌തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചെന്നിത്തല തന്‍റെ നേതാവാണെന്നും താന്‍ കൊച്ചിലേ മുതലേ വരുന്ന വീടെന്നും സതീശന്‍ വ്യക്തമാക്കി. തനിക്ക് ജേഷ്ഠ്യസഹോദരനാണ്. അദ്ദേഹത്തിന്‍റെ എല്ലാ അനുഗ്രഹങ്ങളും തനിക്കുണ്ടാകും. മന്ത്രിസഭയിലുണ്ടാകുമോയെന്ന ചോദ്യത്തിന് അത് ചര്‍ച്ച ചെയ്‌ത് കൊണ്ടിരിക്കുകയാണെന്നുമാണ് വിഡി സതീശന്‍ വ്യക്തമാക്കിയത്.



































