യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

കൊച്ചിയില്‍ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. ബസ് ബസ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദര്‍ശ് (23) എന്നിവരാണ് അറസ്റ്റിലായത്. പറവൂര്‍ ഏഴിക്കര സ്വദേശിയായ യുവതിയ്ക്കാണ് മോശം അനുഭവമുണ്ടായത്. ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാന്‍ ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു സംഭവം.
യുവതിയുടെ അടുത്ത് കാര്‍ നിര്‍ത്തിയശേഷം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവാക്കള്‍ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതിനിടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും ഇടപെട്ടു. മൂവര്‍സംഘത്തെ നാട്ടുകാര്‍ പിടികൂടിയാണ് മുനമ്പം പൊലീസിന് കൈമാറിയത്. പിടിയിലായ അജ്മലിന് പരിക്കേറ്റിട്ടുണ്ട്.

Advertisement