സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് ജെഎഫ്എംസി- 4 കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
കഴിഞ്ഞ മാസം 27ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകള്‍ തിരുത്തി ഇന്ന് വീണ്ടും സമര്‍പ്പിച്ചു. 180 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. യുവതിക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പെരുമാറിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആദ്യം 354 എയും (ലൈംഗികാതിക്രമം) 1, 4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. തുടരന്വേഷണത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു. മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്ന കുറ്റത്തിനുള്ള 354 വകുപ്പും ചേര്‍ത്തു. കേരള പൊലീസ് ആക്ട് 119 എയും ചേര്‍ത്തിട്ടുണ്ട്.

Advertisement