വെറ്ററിനറി സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് സസ്‌പെന്‍ഷന്‍.
സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തില്‍ ഗവര്‍ണര്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു.
സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചത് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാന്‍സലര്‍ കൂടിയായ തനിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പോലും സര്‍വകലാശാല തയ്യാറായില്ല. ഇന്നലെ മാത്രമാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത് റാഗിങ് അല്ല. ഇത് കൊലപാതകമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭക്ഷണം ഒന്നും കഴിക്കാതെ സിദ്ധാര്‍ഥിന്റെ വയര്‍ ഒഴിഞ്ഞനിലയിലായിരുന്നു. സിദ്ധാര്‍ഥിനെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അവര്‍ അനുവദിച്ചില്ല. 24 മണിക്കൂറിലധികം നേരമാണ് ഇത്തരത്തില്‍ ഭക്ഷണം നിഷേധിച്ചത്. ഇതെങ്ങനെയാണ് ക്യാമ്പസില്‍ സംഭവിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

Advertisement