കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സമ്മേളനം

തൃശൂര്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സമ്മേളനം. മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശൂർ അതിരൂപത ബിഷപ്പ് ആൻഡ്രൂസ് താഴത്ത് സമുദായ ജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനം വിളിച്ച് ചേർത്തത്.

മണിപ്പൂരിലടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും ക്രൈസ്തവ ആരാധനാലയങ്ങൾക്കും നേരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തിലുണ്ടായത്. ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യയിൽ ക്രൈസ്‌തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെ സമ്മേളന പ്രമേയം അപലപിച്ചു. ഒരു കരണത്തടിക്കുമ്പോൾ മറുകരണം കാണിച്ച് കൊടുക്കുന്നവർ തങ്ങളെ എന്തിന് അടിച്ചു എന്ന് കൂടി ചോദിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത തൃശൂർ അതിരൂപത ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിൽ നീതികരിക്കാനാകാത്ത വിവേചനം നടക്കുന്നതായും നിയമപരമല്ലാത്ത മാനദണ്ഡങ്ങൾ അവസാനിപ്പിക്കണമെന്നും സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്‌തവ സമൂഹങ്ങളുടെ സാമ്പത്തിക – വിദ്യാഭ്യാസ മേഖലയിലെ പ്രശ്ന‌പരിഹാരത്തിനായി നിയമിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുവാൻ തയ്യാറാകാത്ത സർക്കാർ നടപടി ശരിയല്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി.

Advertisement