ആറ്റുകാല്‍ പൊങ്കാല, ആരാധനാ സമയംക്രമീകരിച്ച് ക്രൈസ്തവര്‍

തിരുവനന്തപുരം . ഇത്തവണ ആറ്റുകാൽ പൊങ്കാല മഹോത്‌സവം ഞായറാഴ്ച ആയതോടെ ക്രിസ്റ്റ്യന്‍ ദേവാലയ ആരാധനയുടെ സമയം മാറ്റിയിരിക്കുകയാണ് ക്രൈസ്തവ വിശ്വാസികൾ.


ആറ്റുകാൽ പൊങ്കാല ദിനമായ ഞായറാഴ്ച നഗരത്തിലെ ക്രൈസ്തവ ദേവാലയങ്ങളുടെ സമീപത്തും പൊങ്കാല അടുപ്പുകൾ നിരക്കും. അതുകൊണ്ടു തന്നെ രാവിലത്തെ ആരാധനയുടെ സമയം മാറ്റിയിരിക്കുകയാണ് ക്രിസ്ത്യൻ പള്ളികൾ.ആരാധന സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സി എസ് ഐ ക്രൈസ്റ്റ് ചർച്ചാണ്. പിന്നാലെ സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയവും സമയം മാറ്റി.

പൊങ്കലയുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ ദേവാലയങ്ങളിൽ പലതരത്തിലാണ് ആരാധന സമയം ക്രമീകരിച്ചിട്ടുള്ളത്. സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ രാവിലെയും വൈകിട്ടും ഉള്ള കുർബാന ഒഴിവാക്കി. സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ രാവിലത്തെ ആരാധന ഒഴിവാക്കി വൈകിട്ട് പൊതു ആരാധന നടത്തും.പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും. ആരാധന സമയം മാറ്റിയതിനു പുറമേ പള്ളിയുടെ സമീപപ്രദേശങ്ങളിൽ പൊങ്കാല അർപ്പിക്കുന്ന ഭക്തർക്ക് അന്നേ ദിവസം ശീതള പാനീയവും ഒരുക്കിയിട്ടുണ്ട്.

Advertisement