‘ദേവഗൗഡയെ പുറത്താക്കി, താനാണ് പുതിയ അധ്യക്ഷൻ’; സംസ്ഥാന ജെഡിഎസ് നേതാക്കളെ വെട്ടിലാക്കി സി കെ നാണു

തിരുവനന്തപുരം: സംസ്ഥാന ജെഡിഎസ് നേതാക്കളെ വെട്ടിലാക്കി സി കെ നാണു. ദേവഗൗഡയെ പുറത്താക്കിയെന്നും താനാണ് പുതിയ അധ്യക്ഷനെന്നും കാട്ടി സി കെ നാണു ഇടത് മുന്നണിക്ക് കത്ത് നൽകി. എൻഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്നും അല്ലാത്തവർക്ക് എൽഡിഎഫിൽ സ്ഥാനം ഇല്ലെന്നും നാണുവിൻറെ കത്തിൽ പറയുന്നു. എൽഡിഎഫ് കൺവീനർക്കാണ് സി കെ നാണു കത്ത് നൽകിയത്.

ജനതാദൾ സംസ്ഥാന ഘടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി കനക്കുകയാണ്. യഥാർത്ഥ ജെ‍ഡിഎസ് തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ഇടത് മുന്നണിക്ക് കത്ത് നൽകിയിരിക്കുകയാണ് സി കെ നാണു. എച്ച് ഡി ദേവഗൗഡയെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി കെ നാണു വിഭാഗത്തിന്റെ പുതിയ നീക്കം. കർണാടകയിലെ ജെ ഡി എസ് മുൻ അധ്യക്ഷൻ സി എം ഇബ്രാഹിമുമായി ചേർന്നാണ് സി കെ നാണുവിൻറെ കരുനീക്കങ്ങൾ. രാഷ്ട്രീയമായി മാത്രമല്ല, നിയമപരമായും യഥാർത്ഥ ജെ ഡി എസ് തങ്ങളാണെന്ന് അവകാശപ്പെടാനാണ് നീക്കം. എന്നാൽ മാത്യു ടി തോമസ് നേതൃത്വം നൽകുന്ന സംസ്ഥാന ഘടകം സി കെ നാണുവിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യഥാർത്ഥ പാർട്ടി തങ്ങളാണെന്ന് അവകാശപ്പെട്ട് സി കെ നാണു പക്ഷം എൽ ഡി എഫിനെ സമീപിക്കുന്നത്.

ഇതോടെ, കെ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും നിലപാട് പ്രഖ്യാപിക്കേണ്ടിവരും. നിലവിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെടാനുള്ള ദേശീയ നേതൃത്വത്തിൻറെ തീരുമാനം അംഗീകരിക്കുന്നില്ല എന്ന നിലപാട് മാത്രമാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. അതേസമയം സി കെ നാണുവിനൊപ്പം പോയാൽ കൂറുമാറ്റ നിയമം ഉൾപ്പെടെ പയറ്റാനുള്ള നീക്കത്തിലാണ് ദേവഗൗ‍ഡ പക്ഷം.

Advertisement