‘രോഗാവസ്ഥ മറികടന്ന് തിരികെ വരുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു’ ; അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വ്യക്തിപരമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവർത്തകനായിരുന്നു കാനമെന്ന് സതീശൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. പത്തൊൻപതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.’ വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാനത്തിന്റെ അന്ത്യം. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്റെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ. 1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ വനജ. മക്കൾ – സ്മിത, സന്ദീപ്.

Advertisement