കുസാറ്റ് അപകടം: നാലുപേരും മരിച്ചത് ശ്വാസം മുട്ടി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: കുസാറ്റിലെ ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംഗീതനിശയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം കുസാറ്റ് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന 24 പേരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനമായി. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐസിയുവില്‍ കഴിയുന്ന മൂന്നുപേരില്‍ ഒരാളെയും മാറ്റും. ഇവരുടെയെല്ലാം ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ തീരുമാനം. 10 പേര്‍ ആശുപത്രിയില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Advertisement