കേരളീയം പരിപാടിക്ക് എത്തിയില്ല; 250 രൂപ പിഴയടയ്ക്കണമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് സന്ദേശം

തിരുവനന്തപുരം: കേരളീയം പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളിൽനിന്ന് 250 രൂപ പിഴ ഈടാക്കുമെന്ന് തിരുവനന്തപുരം നഗരസഭാ സിഡിഎസ് ചെയർപഴ്സന്റെ സന്ദേശം. കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. വിവാദമായതോടെ, സന്ദേശം പിൻവലിച്ചു.

കേരളീയം പരിപാടിയുടെ ഉദ്ഘാടനത്തിന് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തണമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ചിലർ പരിപാടിക്ക് എത്തിയില്ലെന്ന വിവരം അംഗങ്ങളിൽ ചിലർ സിഡിഎസ് ചെയർപഴ്സനെ അറിയിച്ചു. പലർക്കും പല നീതിയാണെന്ന് പരാതി ഉയർന്നതോടെയാണ് ചെയർപഴ്സൻ സന്ദേശമിട്ടത്.

‘കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്, ഇന്ന് കേരളീയം പരിപാടിയിൽ പങ്കെടുക്കാത്തവർ 250 രൂപ എഡിഎസിനെ ഏൽപ്പിക്കണം. ഓഡിറ്റ് അടക്കം നടത്തണമെങ്കിൽ 250 രൂപ നൽകിയാലേ കഴിയൂ. ഇതെന്റെ തീരുമാനമല്ല. ഈ വരുന്ന ആഴ്ച അയൽക്കൂട്ടം കൂടുമ്പോൾ നിങ്ങൾ 250 രൂപ നൽകണം. കയ്യിൽനിന്ന് എടുക്കുകയോ മാസവരിയിൽനിന്ന് എടുക്കുകയോ ചെയ്യാം. അതൊന്നും പ്രശ്നമല്ല. പക്ഷേ 250 രൂപ അടയ്ക്കണം.’ – സന്ദേശത്തിൽ പറയുന്നു.

സിപിഎമ്മിന്റെ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായ സിഡിഎസ് ചെയർപഴ്സന്റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ല. ജാഗ്രത പുലർത്താനാണ് സന്ദേശം നൽകിയതെന്നും പണം പിഴയായി ഈടാക്കുന്ന രീതി ഇല്ലെന്നും കുടുംബശ്രീയിലെ ചില അംഗങ്ങൾ വിശദീകരിച്ചു.

Advertisement