‘കേരളീയം’ സമാപന വേദിയിൽ ബിജെപി നേതാവ് ഒ രാജഗോപാൽ; പ്രത്യേകം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം സമാപന പരിപാടിയിൽ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജഗോപാൽ പങ്കെടുത്തത് ശ്രദ്ധേയമായി. ഒ രാജഗോപാലിന്റെ വരവ് പ്രസംഗത്തിൽ പരാമർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തെ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു.

രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹസ്തദാനം നൽകി. കേരളീയം മികച്ച പരിപാടിയാണെന്ന് ഒ രാജഗോപാൽ പ്രതികരിച്ചു.

അതേസമയം, കേരളീയം പൂർണ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിപാടിക്കെതിരായ വിമർശനങ്ങൾ മുഖ്യമന്ത്രി തള്ളി. പലരുടെയും എതിർപ്പ് കേരളീയം പരിപാടിയോടല്ലെന്ന് പറഞ്ഞ പിണറായി, കേരളീയം വർഷം തോറും തുടരുമെന്നും പ്രഖ്യാപിച്ചു. കേരളീയത്തിനെതിരായി ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് പരിപാടിയുടെ നെഗറ്റീവായ വശങ്ങളെക്കുറിച്ചായിരുന്നില്ല. നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടല്ലോ എന്ന ചിന്തയാണ് വേണ്ടത്. ഇക്കാര്യം ജനങ്ങൾ കൃത്യമായി മനസിലാക്കി പരിപാടി വലിയ വിജയമാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളീയത്തിൻറെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

Advertisement