ഫോണ്‍ തട്ടിപ്പറിക്കാനുള്ള ശ്രമം പ്രതിരോധിക്കുന്നതിടെ ട്രെയിനില്‍ നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ ചെന്നൈയില്‍ യുവതി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 22 വയസുകാരി ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഫോണ്‍ തട്ടിയെടുത്ത രണ്ട് പ്രതികളെയും പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ചെന്നൈ സ്വദേശിയായ പ്രീതിയാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്. ചെന്നൈ ഇന്ദിരാ നഗര്‍ സ്റ്റേഷനില്‍ ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് പ്രീതി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേര്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും പ്രതിരോധിക്കുന്നതിനിടെ പ്രീതി പ്ലാറ്റ്ഫോമിലേക്ക് വീഴുകയുമായിരുന്നു. ബോധരഹിതയായ യുവതിയെ അവിടെ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞു.

പ്രീതിയുടെ കോള്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി. ബസന്ത് നഗറിലെ മത്സ്യ ഷോപ്പില്‍ ജോലി ചെയ്തിരുന്ന രാജു എന്നയാളുടെ അടുത്താണ് ഫോണ്‍ ഉള്ളതെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. താന്‍ മറ്റ് രണ്ട് പേരില്‍ നിന്ന് ഫോണ്‍ വാങ്ങിയതാണെന്നും 2000 രൂപ നല്‍കിയെന്നും ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇവരെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. മണിമാരന്‍, വിഗ്നേഷ് എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement