അരിക്കൊമ്പന് കോതയാര്‍ വനം റൊമ്പ പുടിച്ചു,കേരളത്തിലേക്ക് കടക്കുമെന്ന ആശങ്ക ഒഴിവായെന്ന് വനം അധികൃതര്‍

തിരുനെല്‍വേലി. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർകോതയാർ വനമേഖലയിൽ അരിക്കൊമ്പൻ കാട്ടാന തമ്പടിച്ചതായി സൂചന. ഇന്നലെ ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് ആന സഞ്ചരിച്ചത്. അരിക്കൊമ്പൻ ആരോഗ്യവാനെന്നും നിരീക്ഷണം തുടരുന്നുവെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

ജൂൺ അഞ്ചിന് അപ്പർ കോതയാർ മേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ 5 കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. രാവിലെ 5.20ന് റേഡിയോ കോളർ സിഗ്നൽ ലഭിച്ചു. ആന അധികം സഞ്ചരിക്കുന്നില്ലെന്ന് വ്യക്തമായതോടെ കേരളത്തിലേക്ക് കടക്കുമെന്ന ആശങ്കയും ഒഴിവായി. അരിക്കൊമ്പന്റെ ആരോഗ്യനില പരിശോധിക്കണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം. ആന ആരോഗ്യവാനെന്ന് തമിഴ്നാട് വകുപ്പ് വിശദീകരിച്ചു. വെള്ളത്തിനായി കോതയാർ, കുട്ടിയാർ ഡാമുകളും ആനയ്ക്ക് അനുകൂലമായ കാലാവസ്ഥയും പുൽമേടുകളും അപ്പർകോതയാറിൽ ഉണ്ട്.

പുതിയ ആവാസവ്യസ്ഥയോട് പൊരുത്തപ്പെട്ടതിനാലാണ് ആന മറ്റൊരിടത്തേക്ക് നീങ്ങാത്തതെന്നും തമിഴ്‍നാട് വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു വാർത്ത കുറിപ്പിൽ അറിയിച്ചു. അതിനിടെ ആനയുടെ നീക്കങ്ങൾ അടുത്ത് നിന്ന് നിരീക്ഷിക്കുന്ന റേഡിയോ കോളർ ആന്റിന തിരുവനന്തപുരത്തെത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. കേരള വനാതിർത്തികളിൽ ആശങ്ക ഒഴിഞ്ഞതും തമിഴ്‌നാട് വനംവകുപ്പ് ആന്റിന ആവശ്യപ്പെട്ടതും പരിഗണിച്ചാണ് തീരുമാനം.

Advertisement