അരിക്കൊമ്പനെ ഇന്ന് വനത്തിൽ വിടില്ല,കേരളത്തിന് കൈമാറണമെന്ന് ഹർജി

മധുര . അരിക്കൊമ്പനെ ഇന്ന് വനത്തിൽ വിടില്ല. മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്റെതാണ് നിർദ്ദേശം

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജിയിലാണ് നിർദ്ദേശം.എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹർജിക്കാരി,കേസ് നാളെ രാവിലെ പത്തരയ്ക്ക് പരിഗണിക്കും.

കമ്പത്തെ വിറപ്പിച്ച കാട്ടുകൊമ്പനെ വലിയ ബഹളത്തിനൊന്നും പോകാതെ മയക്കുവെടി വെച്ച് പിടികൂടി വനത്തിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നിര്‍ദ്ദേശമെത്തിയത്. പൂശാരം പെട്ടിയിൽ നിന്ന് പിടികൂടിയ അരികൊമ്പനെ കുങ്കി ആനകളുടെ സഹായത്തോടെയാണ് എലിഫൻറ് ആംബുലൻസിൽ കയറ്റിത്. കൊമ്പനെ തിരുനെൽവേലി ജില്ലയിലെ പാപനാശം കാരയാർ അണക്കെട്ടിന് സമീപം വനത്തിനുള്ളിൽ തുറന്നുവിടുമെന്നാണ് സൂചന ലഭിച്ചിരുന്നത്.

മയക്കു വെടി വെക്കാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിട്ട് ഒമ്പത് ദിവസം കഴിയുമ്പോഴാണ് അരിക്കൊമ്പൻ പിടിയിലായത്. ഒരാഴ്ചയിലേറെയായി വനത്തിനുള്ളിൽ നിന്ന കൊമ്പൻ ഇന്നലെ രാത്രി 10 മണിയോടെ പുറത്തിറങ്ങി. ജനവാസ മേഖലയിൽ എത്തിയെന്ന് വിവരം ലഭിച്ചതോടെ ദൗത്യസംഘം പൂർണ്ണസജ്ജമായി. 86 അംഗസംഘം 12 മണിയോടെ ദൗത്യ മേഖലയിൽ. പുലർച്ചെ ഒരു മണിക്ക് മുൻപ് മയക്ക് വെടി. രണ്ടു ബൂസ്റ്റർ ഡോസ് കൂടി നൽകിയ ശേഷം കുങ്കിയാനകളെ എത്തിച്ചു. കാലിൽ വടം കെട്ടിയ അരികൊമ്പനെ കുങ്കികൾ വരുതിയിലാക്കി. ആറുമണിയോടെ അരികൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി. മുതുമലയിൽ നിന്നും, ആനമലയിൽ നിന്നും എത്തിച്ച സ്വയം ഭൂ, ഉദയൻ, മുത്തു എന്നീ കുങ്കിയാനകളാണ് ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചത്. ശ്രീവില്ലി പുത്തൂർ – മേഘമലെ ടൈഗർ റിസർവ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കായിരുന്നു മിഷൻ അരി കൊമ്പന്റെ ചുമതല. മയക്കു വെടി വെക്കാൻ ഹെസൂർ ഡിവിഷനിൽ നിന്ന് ഡോ. കലൈവാണനും മധുരാ ഡിവിഷനിൽ നിന്ന് ഡോ. പ്രകാശും എത്തിയിരുന്നു. ഏഴുമണിയോടെയാണ് പൂസാരം പെട്ടിയിൽ നിന്ന് ആനയുമായി ദൗത്യസംഘം യാത്രതിരിച്ചത്. യാത്രയ്ക്കിടെ വഴിയിൽ പലതവണ ആംബുലൻസ് നിർത്തി, വിശ്രമിച്ച ശേഷമാണ് മുന്നോട്ടുപോകുന്നത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് ഗുരുതരമാണ്. ആനയെ തുറന്നു വിടുന്നതിനു മുമ്പ് ആവശ്യമായ ചികിത്സ നൽകുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.

മയക്കുവെടിവച്ച് പിടികൂടിയ സമയം കേരള വനംമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.അരിക്കൊമ്പനെ കുങ്കി ആക്കാന്‍ അനുവദിക്കാഞ്ഞ കോടതി തീരുമാനം ഗുണകരമായില്ലെന്നാണ് വനം മന്ത്രി പ്രതികരിച്ചത്.

Advertisement