ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഏഷ്യ അവാര്‍ഡ് അമൃത സര്‍വകലാശാലയ്ക്ക്

Advertisement

യു.കെ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (ടിഎച്ച്ഇ) മാഗസിന്റെ പാരിസ്ഥിതിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഏഷ്യ അവാര്‍ഡ് അമൃത വിശ്വവിദ്യാപീഠത്തിന്. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമായ ലിവ്-ഇന്‍-ലാബ്സ് പദ്ധതിയാണ് ഏഷ്യയിലെ മികവിനുള്ള ഈ അംഗീകാരത്തിന് അമൃത സര്‍വകലാശാലയെ അര്‍ഹമാക്കിയത്.
വിദ്യാര്‍ത്ഥികള്‍ ഗ്രാമങ്ങളില്‍ താമസിച്ച് ഗ്രാമീണജനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുകയും അവയ്ക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ലിവ്-ഇന്‍-ലാബ്സ്. ജീവിതത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അമൃത സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം പുരസ്‌കാരം നേടുന്ന ഏക സ്ഥാപനമാണ് അമൃത.
യുവജനങ്ങളില്‍ സഹാനുഭൂതി വളര്‍ത്താനും അവരുടെ പങ്കാളിത്തത്തിലൂടെ സമൂഹത്തെ ശാക്തീകരിക്കാനുമാണ് ലിവ്-ഇന്‍-ലാബ്സ് പദ്ധതി അമൃത സര്‍വകലാശാല ആവിഷ്‌കരിച്ചതെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റും അമൃത സ്‌കൂള്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ ഫ്യൂച്ചേഴ്‌സ് ഡീനുമായ ഡോ. മനീഷ വി രമേഷ് പറഞ്ഞു.
2013-ല്‍ ആരംഭിച്ച ലിവ്-ഇന്‍-ലാബ്സ് ഇപ്പോള്‍ 25 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ഗുണഭോക്താക്കളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അമൃതയിലെ 30-ലധികം അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളുടെയും 50 ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഗ്രാമീണ സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനായി പ്രവര്‍ത്തിക്കുന്നത്.

Advertisement