‘അമിതവേഗത്തിന് എന്റെ വാഹനത്തിനും ചെലാൻ; മന്ത്രിയെന്ന പേരിൽ ഒഴിവാക്കിയില്ല’

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് ക്യാമറയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആരു നിയമം ലംഘിച്ചാലും അവർ നടപടികൾക്ക് വിധേയമാകേണ്ടി വരും. ആർക്കും പ്രത്യേക പരിഗണനകൾ നൽകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘‘ഞാൻ മന്ത്രിയായ ശേഷം, എന്റെ വാഹനത്തിന് അമിതവേഗത്തിനുള്ള ചെലാൻ ലഭിച്ചിട്ടുണ്ട്. എന്റെ പേരിൽത്തന്നെയുള്ള ചെലാൻ, മന്ത്രിയാണെന്ന പേരിൽ ഒഴിവാക്കാമായിരുന്നു. പക്ഷേ ഞാൻ അത് ചെയ്തിട്ടില്ല’’– ആന്റണി രാജു പറഞ്ഞു. റോഡ് ക്യാമറയുടെ മുന്നിൽ വിഐപി എന്നോ അല്ലാത്തവരെന്നോ വേർതിരിവില്ല. കേന്ദ്രസർക്കാർ നിയമം അനുസരിച്ചുള്ള എമർജൻസി വാഹനങ്ങൾക്കുള്ള ഇളവുകൾ മാത്രമാണുള്ളത്.

എതെങ്കിലും ഒരു ഉദ്യോഗസ്ഥന് വിഐപികളെ ഇതിൽനിന്ന് ഒഴിവാക്കാൻ പറ്റില്ല. സുതാര്യമായും വിവേചനരഹിതമായും കാര്യങ്ങൾ ചെയ്യുന്നതിന് കൂടിയാണ് ഈ സംവിധാനം. നിയമലംഘനം നടന്നാൽ മാത്രമേ ക്യാമറ രേഖപ്പെടുത്തുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റോഡ് ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ആരംഭിക്കും. ഇരുചക്ര വാഹനങ്ങളിൽ മൂന്നാമതൊരാളായി കുട്ടികളെ അധികമായി കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാലാണ് പിഴ ഈടാക്കാത്തതെന്നും മന്ത്രി പറഞ്ഞു.

Advertisement