കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ നാലു ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ പ്രവചനം. 24 മണിക്കൂറിൽ 115.6 – 204.4 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 – 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ നാല് ജില്ലകളിൽ യെലോ അലർട്ടുണ്ട്.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

തിങ്കൾ (01–05–23): പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂർ

ചൊവ്വ (02–05–23): പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശൂർ

ബുധൻ (03–05–23): പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശൂർ

വേനൽമഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ കാറ്റും ഇടിമിന്നലും അപകടകാരികളാണ്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്കു കാരണമായത്. ചക്രവാതച്ചുഴിയിൽ നിന്നു ഛത്തീസ്ഗഡ് വരെ ന്യൂനമർദപ്പാത്തിയും നിലനിൽക്കുന്നുണ്ട്.

Advertisement