കെഎസ്ആർടിസിയുമായി എട്ട് വർഷത്തെ നിയമപോരാട്ടം; ഭർത്താവിന്റെ കുടുംബപെൻഷനായി ശാന്തകുമാരിക്ക് 18 ലക്ഷം

തിരുവനന്തപുരം: കെഎസ്ആർടിസി ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫിസർ ആയി വിരമിച്ച എ‍ൻ.മോഹൻകുമാറിന്റെ കുടുംബ പെൻഷനു വേണ്ടി ഭാര്യ 75 വയസുള്ള പേരൂർക്കട അമ്പലമുക്ക് വിശാഖിൽ സി.എ.ശാന്തകുമാരി എട്ട് വർഷമായി നടത്തി നിയമ പോരാട്ടത്തിന് ഒടുവിൽ വിജയം. കുടിശിക ഉൾപ്പെടെ 18,52,717 രൂപയുടെ പെൻഷൻ തുക ശാന്തകുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ കോർപറേഷൻ കഴിഞ്ഞ ദിവസം നിക്ഷേപിച്ചു. അഡ്വ.വഴുതക്കാട് നരേന്ദ്രൻ മുഖേന ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് 1998 മാർച്ചിൽ വിരമിച്ച മോഹൻകുമാർ 2015 ഫെബ്രുവരിയിൽ മരിച്ചു. കുടുംബ പെൻഷനു വേണ്ടി കെഎസ്ആർടിസിക്ക് കൊടുത്ത അപേക്ഷയിൽ ഫലമില്ലാതെ വന്നതോടെ ലീഗൽ സർവീസസ് അതോറിറ്റിയിൽ പരാതി നൽകി. പക്ഷേ അതോറിറ്റി ഉത്തരവിലും പെൻഷൻ ലഭിച്ചില്ല. ലോകായുക്തയിലും കേസ് ഫയൽ ചെയ്തെങ്കിലും പല പല കാരണങ്ങൾ പറഞ്ഞ് പെൻഷൻ നിഷേധിച്ചു.

സർവീസ് രേഖയിൽ നോമിനിയെ നിയോഗിച്ചിട്ടില്ലെന്നതടക്കം കോർപറേഷൻ കാരണമാക്കി. ഒടുവിലാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കുടിശിക ഉൾപ്പെടെ പെൻഷൻ നാലു മാസത്തിനകം നൽകാ‍ൻ കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം നൽകിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല. തുടർന്ന് കോർട്ടലക്ഷ്യ കേസിനായി ശാന്തകുമാരി വക്കീൽ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് തുക അനുവദിച്ചത്. പേട്ടയിൽ സ്വാതന്ത്ര്യ സമരത്തിൽ വെടിയേറ്റു മരിച്ച രാജേന്ദ്രന്റെ അനുജനാണ് മോഹൻകുമാർ.

Advertisement