പശുവിന്റെ വയറ്റിൽ കമ്പി കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പാലക്കാട്: പശുവിന്റെ വയറ്റിൽ കുടുങ്ങിയ ഏഴ് ഇഞ്ചിലധികം നീളമുള്ള കമ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശ്വാസകോശത്തിനും ഹൃദയത്തിനും അടുത്തായി മൂന്ന് ഇഞ്ച് നീളത്തിൽ കമ്പി പുറത്തേക്കു തള്ളിയ നിലയിലായിരുന്ന പശുവുമായാണ് ക്ഷീര കർഷകനായ സച്ചിദാനന്ദൻ പെരുവെമ്പ് മൃഗാശുപത്രിയിൽ എത്തിയത്. പുറത്തു നിന്നു കുത്തിക്കയറിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വെറ്ററിനറി സർജൻ ഡോ. ജ്യോതിഷ് ശങ്കർ നടത്തിയ പരിശോധനയിലാണ് അകത്തുള്ള കമ്പി തുളച്ചു പുറത്തേക്കു വന്നതാണെന്നു മനസ്സിലായത്.

ആലയപ്പാടം കളത്തിലെ കർഷകന്റെ വീട്ടിൽ വച്ച് രണ്ടര മണിക്കൂറിലധികം നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെയാണു കമ്പി പുറത്തെടുത്തത്. പുതുപ്പരിയാരത്തെ വെറ്ററിനറി സർജനായ ഡോ.ആർ.സുധി , കൊടുമ്പിലെ ഡോ. ജയകൃഷ്ണൻ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.പശു ആരോഗ്യം വീണ്ടെടുത്തു വരുന്നു. പുറത്തെടുത്ത കമ്പി വൈക്കോൽ ചുരുട്ടുന്ന യന്ത്രത്തിന്റെയോ കൊയ്ത്ത് യന്ത്രത്തിന്റെയോ ഭാഗമാണെന്നാണു നിഗമനം.

കൊയ്ത്തും വൈക്കോൽ ചുരുട്ടലും യന്ത്ര സഹായത്തോടെ ചെയ്യുന്നതിനാൽ ലോഹനിർമിത വസ്തുക്കൾ കാലികളുടെ ഭക്ഷണത്തിൽ ഉൾപ്പെടാതിരിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ. ജ്യോതിഷ് ശങ്കർ പറഞ്ഞു.

Advertisement