ബി.ബി.സിയെ പാഠം പഠിപ്പിക്കാമെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിൽ- എൻ. റാം

കോഴിക്കോട്: ബി.ബി.സി. ഓഫീസുകളിൽ ആദായനികുതി വകുപ്പ് അധികൃതർ നടത്തിയ റെയ്ഡ് തികഞ്ഞ തെമ്മാടിത്തമാണെന്ന് ‘ദ ഹിന്ദു’ മുൻ പത്രാധിപരും രാജ്യത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകരിലൊരാളുമായ എൻ. റാം.

തെറ്റുകളുടെ അസംബന്ധം എന്ന് വിശേഷിപ്പിക്കാനാണ് തോന്നുന്നത്. ടാക്സ് സർവ്വെ എന്നാണ് ആദായ നികുതി വകുപ്പുകാർ പറയുന്നത്. ആരെ പറ്റിക്കാനാണ് ഇവർ ഇങ്ങനെയൊക്കെ പറയുന്നത്? മോദിയെയും ഇന്ത്യയെയും കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയുടെ ആദ്യഭാഗം സാമൂഹ്യമാദ്ധ്യമങ്ങളിൽ തടഞ്ഞതിന് പിന്നാലെയാണ് ഈ റെയ്ഡ് വരുന്നത്. ബി.ബി.സി. ഡോക്യുമെന്ററി സുപ്രീം കോടതിയെ ഇടിച്ചുതാഴ്ത്തുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ വക്താക്കൾ കുറ്റെപ്പടുത്തിയത്. ബി.ബി.സിക്ക് കൊളോണിയൽ മാനസികാവസ്ഥയാണെന്നും ആരോപണമുണ്ടായി. അപ്പോൾ പിന്നെ ടാക്സ് സർവ്വെ എന്നൊക്കെ പറയുന്നതുകൊണ്ട് ആരെയെങ്കിലും പറ്റിക്കാനാവുമോ? ഇന്ത്യ ജി 20-ൻറെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കെയാണ് ഈ റെയ്ഡെന്നത് കുറച്ച് അമ്പരപ്പിക്കുന്നതാണ്. ബി.ബി.സി. ഒരു സുതാര്യ സ്ഥാപനമാണ്. ഇംഗ്ളണ്ടിലെ പൊതുജനം കൊടുക്കുന്ന ലൈസൻസ് ഫീയാണ് ബി.ബി.സിയുടെ മുഖ്യ വരുമാന മാർഗ്ഗം. തെമ്മാടിത്തം എന്ന് മാത്രമേ ഈ റെയ്ഡിനെ വിളിക്കാനാവൂ.

ഗ്രീക്ക് തത്വശാസ്ത്രത്തിൽ ഇതിനെ ‘അക്രെയ്സിയ’ (Akrasia) എന്നാണ് വിളിക്കുന്നത്. നിങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് ഒരു തരത്തിലുള്ള ഗുണവും ചെയ്യില്ല എന്ന് നിങ്ങൾക്കറിയാം. എന്നിട്ടും നിങ്ങൾ അത് ചെയ്യുന്നു. ഈ അവസ്ഥയാണ് അക്രെയ്സിയ. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് സോക്രട്ടീസും അരിസ്റ്റോട്ടിലും അടക്കമുള്ളവർ ചർച്ചചെയ്തിട്ടുണ്ട്. ഇന്നിപ്പോൾ ബി.ബി.സി. ഓഫീസുകളിൽ നടന്ന റെയ്ഡ് അക്രെയ്സിയയുടെ ഒന്നാന്തരം ഉദാഹരണമാണ്.

ആരെ എന്ത് പാഠമാണ് ഇവർ പഠിപ്പിക്കാൻ നോക്കുന്നത്? ഇവരെ പേടിക്കേണ്ട കാര്യം ബി.ബി.സിക്കില്ല. ബി.ബി.സി. ഓഫിസുകൾ അടച്ചുപൂട്ടാമെന്ന് ഇവർ കരുതുന്നുണ്ടോ എന്നറിയില്ല. അങ്ങിനെ സംഭവിച്ചാൽ ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ഉഭയ കക്ഷി ബന്ധങ്ങൾക്ക് എന്താണ് സംഭവിക്കുക? ബി.ബി.സി. സ്വയം ഭരണാധികാരമുള്ള, പൊതുജനങ്ങൾ നൽകുന്ന പണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവരെ പാഠം പഠിപ്പിക്കാൻ കഴിയുമെന്ന് ഭരണകൂടം കരുതുന്നുണ്ടെങ്കിൽ അവർ മൂഢസ്വർഗ്ഗത്തിലാണെന്ന് പറയേണ്ടിവരും.

അവർ അങ്ങിനെ പറഞ്ഞോ? പറഞ്ഞെങ്കിൽ ഗംഭീരമായി. ശരിക്കും ഉചിതമായ പ്രതികരണമാണത്. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത വൃത്തികെട്ട നടപടിയാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസം മുകുൽ കേശവൻ ‘ ദ ഗാർഡിയനിൽ ‘ ഒരു ലേഖനം എഴുതിയിരുന്നു. നിങ്ങൾ നാട്ടിലുള്ളവരുടെ പ്രീതിക്കായി ഒരു കാര്യം ചെയ്യുന്നു, മറുനാട്ടിലുള്ളവരുടെ പ്രീതിക്കായി തീർത്തും വ്യത്യസ്തമായ മറ്റൊന്നു ചെയ്യുന്നു. നാട്ടിൽ ചെയ്യുന്നത് നിങ്ങളുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുമെന്നു തീർത്തും വിസ്മരിച്ചുകൊണ്ടുള്ള പ്രവൃത്തി. എന്തുകൊണ്ടാണിവർ ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചാൽ പെട്ടെന്നുത്തരം പറയാനാവില്ല. അത്രയും വിഡ്ഢിത്തമാണത്.

ഇതൊരു മഹാവൈരുദ്ധ്യമാണ്. ഹിൻഡൻബർഗ് വെളിപ്പെടുത്തിയ വ്യാജ കമ്പനികളെക്കുറിച്ചാണ് ഈ ഏജൻസികൾ അന്വേഷിക്കേണ്ടത്. അദാനി കുംഭകോണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ റെയ്ഡെന്ന് ചിലർ പറയുന്നുണ്ട്. ഞാൻ അങ്ങിനെ കരുതുന്നില്ല. അങ്ങനെ എളുപ്പത്തിൽ ശ്രദ്ധ തിരിക്കാവുന്ന കുംഭകോണമല്ല അത്. അത് അത്രയും ഗൗരവതരമായ വിഷയമാണ്. മുറിക്കുള്ളിൽ നിറഞ്ഞുനിൽക്കുന്ന ആനയാണത്.

. നേരത്തെ എൻ.ഡി.ടി.വിക്കും ഇൻഡിപെന്റൻഡ് ആന്റ് പബ്ളിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷനും സെന്റർ ഫോർ പോളിസി റിസർച്ചിനുമൊക്കെ എതിരെ ഇതേ ഏജൻസികൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ തന്നെ ലോക മാദ്ധ്യമങ്ങൾ ഇന്ത്യയെ ഗൗരവപൂർവ്വമാണ് സമീപിക്കുന്നത്. ബി.ബി.സി. ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ന്യയോർക്ക് ടൈംസ് ഒരു എഡിറ്റോറിയൽ എഴുതിയിരുന്നു. പത്രസ്വാതന്ത്ര്യം ഇന്ത്യയിൽ നേരിടുന്ന ഭീഷണികളിലേക്ക് വിരൽചൂണ്ടുന്ന എഡിറ്റോറിയൽ. മോദി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾ കൃത്യമായി പരിശോധിക്കുന്ന എഡിറ്റോറിയൽ. ബി.ബി.സി. ഓഫീസുകളിലെ റെയ്ഡ്, കോൺഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ വിനാശകാലത്തുള്ള വിപരീത ബുദ്ധിയെന്ന് തന്നെ പറയേണ്ടിവരും. റാം പറഞ്ഞു.

Advertisement