കണ്ടകശനി ഇപ്പോൾ ആർക്കൊക്കെ? ഫലവും പരിഹാരവും അറിയാം

ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത് . വളരെയധികം ദോഷഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്‌ കണ്ടകശ്ശനിക്കാലം. ദുഃഖാനുഭവങ്ങള്‍, വഴക്കുകകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം അപവാദപ്രചരണം, മരണതുല്യമായ അനുഭവങ്ങള്‍ അപകടം, കേസുകള്‍, ജയില്‍വാസം എന്നീ ദോഷങ്ങള്‍ അനുഭവപ്പെടാം. 4,7,10 എന്നീ വ്യത്യസ്ഥ ഭാവങ്ങളില്‍ വ്യത്യസ്ഥഫലങ്ങള്‍ അനുഭവപ്പെടും.

ഈ സമയത്ത്‌ ജാതകന്‍ അനുഭവിക്കുന്ന ദശാപഹാരകാലങ്ങള്‍ ശുഭഗ്രഹങ്ങളുടേതാണെങ്കില്‍ ദോഷഫലങ്ങള്‍ അല്‌പം കുറഞ്ഞിരിക്കും.

ശനി, ഇപ്പോൾ പ്രവേശിക്കുന്നത് തന്റെ സ്വക്ഷേത്രം അതിലുപരി മൂലക്ഷേത്രം ആയ കുംഭം രാശിയിലേക്കാണ്. 2023 ജനുവരി 17 ചൊവ്വാഴ്ച സന്ധ്യയ്ക്ക് ശനി കുംഭത്തിലേക്ക് സംക്രമിക്കുന്നു. 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരുന്നു. ഏതാണ്ട് 26 മാസക്കാലം. ഇതിനിടയിൽ വക്ര സഞ്ചാരവും ഉണ്ട്.

കണ്ടക ശനി ബാധിക്കുന്ന നാളുകൾ

1.ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

ശനി കുംഭത്തിലെത്തുമ്പോൾ ‘കണ്ടക ശനി’ ആരംഭിക്കുകയായി. പത്താം ഭാവത്തിലാകയാൽ പ്രധാനമായും കർമ്മരംഗം ബാധിക്കപ്പെടാം. ഒരുതരം ആലസ്യവും ഉന്മേഷരാഹിത്യവും പ്രവർത്തനത്തിൽ വന്നുചേരും. കൃത്യനിഷ്ഠയ്ക്ക് ഉലച്ചിൽ വരാം. കൂറിന്റെ പന്ത്രണ്ടിൽ ശനി നോക്കുന്നതിനാൽ ചെലവുകൾ ഉയർന്നേക്കും. സുഖാനുഭവങ്ങൾക്കും കുറവുണ്ടായേക്കാം. എങ്കിലും ശത്രുവിജയം, വ്യവഹാരങ്ങളിൽ അനുരഞ്ജനം, കാലവിളംബത്തോടെയുള്ള ഗൃഹനിർമ്മാണ പൂർത്തീകരണം, രാഷ്ട്രീയ മത്സരങ്ങളിൽ വിജയം, ദാമ്പത്യസൗഖ്യം, വിദ്യാഭ്യാസ നേട്ടം എന്നിവയും അനുകൂലമായ ഘടകങ്ങളാണ്. ആരോഗ്യകാര്യത്തിൽ കൂടതൽ ശ്രദ്ധ വേണം. ജീവിത ശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടി വരാം.

2.ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ശനിയുടെ മാറ്റം ഏഴാം രാശിയിലേക്കാണ്. ‘കണ്ടക ശനി’ ക്കാലമാണ് തുടങ്ങുന്നത്. കുടുംബജീവിതത്തിൽ, വിശേഷിച്ച് ദാമ്പത്യത്തിൽ കൂടുതൽ ശ്രദ്ധാപൂർവം പെരുമാറേണ്ട കാലമാണ്. അനുരഞ്‌ജനത്തിന്റെ പാത സ്വീകരിക്കുന്നതാവും ഉചിതം. യാത്രകൾ അനിവാര്യമായിത്തീരും. പഠനം, തൊഴിൽ എന്നിവക്കായി വിദേശത്ത് പോകേണ്ടിവരും. നാട്ടിലേക്ക് മടങ്ങാനും കുടുംബവുമൊത്ത് ജീവിക്കാനും ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരാം. കൂട്ടുകച്ചവടത്തിൽ ജാഗ്രത വേണം. സാമ്പത്തികമായി തരക്കേടില്ലാത്ത സമയമാണ്. എന്നാൽ അവിവാഹിതരുടെ വിവാഹസ്വപ്നം യാഥാർത്ഥ്യമാകാൻ വൈകിയേക്കും. ആരോഗ്യ പരിശോധനകൾക്ക് അലംഭാവമരുത്.

3.വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

ശനി മൂന്നിൽ നിന്ന് നാലാം ഭാവത്തിൽ വരികയാൽ ‘കണ്ടക ശനി’ തുടങ്ങുകയാണ്. എന്നാൽ ഭയാശങ്കകൾക്ക് ന്യായമില്ല. ഗുണങ്ങൾ തന്നെയാവും അധികവും അനുഭവത്തിൽ വരിക. സന്ദിഗ്ദ്ധതയും സന്ദേഹവും മാറി തൊഴിലിലും കുടുംബ ജീവിതത്തിലും ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. പാരമ്പര്യ വസ്തുക്കളിലുള്ള തർക്കം അവസാനിക്കും. കൈവശാവകാശം വന്നുചേരും. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിലും ഒപ്പം സ്വന്തം ആരോഗ്യത്തിലും ജാഗ്രത വേണം. ആലസ്യത്തോട് വിട പറയേണ്ട വേളയാണ്. കൃത്യമായ ദിനചര്യ പുലർത്തുക, അന്നന്നത്തെ കാര്യങ്ങൾ ചെറിയ ഒഴികഴിവുകൾ കണ്ടെത്തി മാറ്റിവെക്കാതിരിക്കുക എന്നിവ നിർബന്ധമായും പാലിക്കണം.

4.കുംഭക്കൂറ്(അവിട്ടം രണ്ടാം പകുതി ചതയം, പൂരുരുട്ടാതി ആദ്യ 1,2,3 ഭാഗം):

ജന്മരാശിയിലേക്ക് ശനി പകരുന്നതിനാൽ ജന്മശനിയും കണ്ടക ശനിയും ഒരുമിച്ച് സംഭവിക്കുന്നു. ശനി അവിട്ടം മൂന്നാം പാദത്തിലുമാണ്. കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, പഠന വൈകല്യം, തൊഴിൽ പരമായ അശാന്തികൾ തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകുമെങ്കിലും സമഗ്രചിന്തയിൽ നേട്ടങ്ങൾ തന്നെയാണ് പറയേണ്ടത്. ആദ്യത്തെ വിഘ്നങ്ങൾ ഒഴിയുമ്പോൾ വിജയം നേടാനാവും. ക്ഷമയും സഹനവുമാണ് വേണ്ടത്. കലഹവും തർക്കവും ഒഴിവാക്കി അനുരഞ്‌ജനത്തിന്റെ പാതയിൽ നീങ്ങിയാൽ ആഗ്രഹ സഫലീകരണം ഉണ്ടാവും. വമ്പൻ മുതൽ മുടക്കുകൾക്ക് തുനിയാതിരിക്കുന്നതാവും കരണീയം. രോഗചികിൽസക്ക് അമാന്തം അരുത്. നിലവിലുള്ള തൊഴിൽ ഉപേക്ഷിച്ച് മറ്റൊരു തൊഴിലിന് ശ്രമിക്കുന്നതും അത്ര ആശാസ്യമല്ല.

ഏഴരശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:

1.മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ശനി കുംഭത്തിലേക്ക് മാറുമ്പോൾ ഏഴര ശനിയുടെ മുറുക്കത്തിന് ചെറിയ അയവ് വരികയാണ്. ധനപരമായി മെച്ചമുണ്ടാവും. കിട്ടാക്കടങ്ങൾ കിട്ടിയേക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ച നേടും. രണ്ടിലെ ശനി അഷ്ടമത്തിൽ നോക്കുകയാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കാര്യസിദ്ധിക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരാം. ഗൃഹനിർമ്മാണം ഇഴഞ്ഞുനീങ്ങാം. വാഹനം കൈകാര്യം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം. ആരോഗ്യകാര്യത്തിലും ശുഷ്കാന്തി വേണം. മുഖരോഗങ്ങൾക്ക് ചികിൽസ വേണ്ടി വരാം. ഗുണപ്രധാനമായ, കുറച്ച് വിഷമങ്ങളും വരുന്ന സമ്മിശ്രമായ കാലഘട്ടമാണിത്.

2.മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)

ശനി പന്ത്രണ്ടാം രാശിയിലേക്ക് വരുന്നു. ഏഴര ശനിയുടെ തുടക്കകാലമാണ്. സാഹസങ്ങൾ- ശാരീരികമായും സാമ്പത്തികമായും- ഒഴിവാക്കുകയാവും ഉചിതം. തൊഴിൽ അല്ലെങ്കിൽ പഠനാർത്ഥം അന്യദിക്കിൽ ജീവിക്കേണ്ട സാഹചര്യം ഉദിക്കാം. സഞ്ചാരം വർദ്ധിക്കും. ചെലവുകൾ അനിയന്ത്രിതമായേക്കാം. ഗൃഹനിർമ്മാണം തുടങ്ങാൻ സാധ്യത കാണുന്നു. ശനി സ്വക്ഷേത്രബലവാനാകയാൽ ഇതിൽ വ്യക്തമാക്കിയ ദുരിതങ്ങൾ നാമമാത്രമാകാം. ഗുണങ്ങൾ വന്നെത്തുകയും ചെയ്യും. ആലോചനാപൂർവമായ കർമ്മങ്ങൾ വിജയിക്കാതിരിക്കില്ല.



അഷ്ടമശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:

1.കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും )

അഷ്ടമശനിക്കാലം തുടങ്ങുന്നു. എന്തിലും ഏതിലും ജാഗ്രത വേണം. വലിയ സാമ്പത്തികച്ചുമതലകളും പദവികളും ഏറ്റെടുക്കുമ്പോൾ വിദഗ്ദ്ധോപദേശം തേടണം. സുലഭം എന്ന് കരുതിയവ പോലും ദുർലഭമായേക്കാം. ക്ഷമയും സഹനവും ജീവിത വിജയത്തിന് അനിവാര്യമെന്ന് സ്വയം മനസ്സിലാവും. ഹൃദയബന്ധങ്ങൾ ശിഥിലമാവാതിരിക്കാൻ കരുതൽ വേണം. എന്നാലും ചില നേട്ടങ്ങളും വിദേശധനവും കൈവരാതിരിക്കില്ല. ചികിത്സകൾ കൊണ്ട് പ്രയോജനമുണ്ടാവും. ഗൃഹനിർമ്മാണം ആരംഭിക്കാനാവും. വ്യവഹാരങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാവും ഉചിതം

ശനിദോഷ നിവാരണത്തിന് അയ്യപ്പ മന്ത്രം:

ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര

രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ

ശനിദോഷ നിവാരണത്തിനു ശനി സ്തോത്രം:

നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം.

നിത്യവും പ്രഭാതത്തിൽ ശനീശ്വര സ്തോത്രം ജപിക്കുന്നതു ശനിദോഷം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഉത്തമമാണ്

ശനിദോഷ പരിഹാരത്തിന് വഴിപാടുകൾ:

ഹനുമാൻ ക്ഷേത്രത്തിൽ വെറ്റിലമാല സമർപ്പണം പ്രധാന വഴിപാടാണ്

ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ നടത്തുന്ന ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണു നീരാഞ്ജനം.


ശാസ്താക്ഷേത്രത്തില്‍ എള്ളുതിരി കത്തിക്കുന്നതും എള്ളുപായസം നിവേദിക്കുന്നതും നീലശംഖു പുഷ്പാർ‌ച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ്.

ശനിയാഴ്ച ദിവസങ്ങളിൽ പൂജാമുറിയിലോ വീടിന്റെ ശുദ്ധമായ ഒരു ഭാഗത്തോ മൺചെരാതിൽ എള്ളുകിഴി വച്ച് അതിൽ നല്ലെണ്ണ ഒഴിച്ചു കത്തിക്കുക. ശനിദോഷത്തിനു സ്വയം ചെയ്യാവുന്ന ഉത്തമ പരിഹാരമാണിത് .

Advertisement