സമ്പൂർണ പുതുവർഷ ഫലം ;കൊല്ലവർഷം 1198

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)

മേടക്കൂറുകാർക്ക് ഗുണദോഷ സമ്മിശ്ര ഫലം. താരതമ്യേന മകരമാസം മുതലാവും നല്ല മാറ്റം വന്നെത്തുക. അപ്പോൾ ശനി പതിനൊന്നിലാവുകയാൽ തൊഴിലിൽ മുന്നേറ്റവും സാമ്പത്തിക മെച്ചവും ഭവിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമുയരും. വ്യാഴത്തിന്റെ സ്ഥിതി മൂലം സൽക്കർമ്മങ്ങൾക്കും മക്കളുടെ ശ്രേയസ്സിനുമായി പണം ചെലവാകും. തൊഴിലിനായോ കുടുംബത്തോടൊപ്പം ചേരാനായോ വിദേശയാത്ര ഉണ്ടാകും.ദൈവീക വിശ്വാസത്തിലൂടെ കാര്യങ്ങൾ സഫലീകരിക്കാൻ ശ്രമിക്കേണ്ടതാണ്. സാമ്പത്തിക ക്രയവിക്രയങ്ങൾ നന്നായി ശ്രദ്ധിച്ചു ചെയ്യുക. ഏഴിലെ കേതു പ്രണയികളെ ആശാഭംഗത്തിലേക്ക് നയിക്കാം.

വിവാഹാലോചനകൾ തടസ്സപ്പെടാം.പഠിതാക്കൾക്ക് ഉന്നത വിജയം കരസ്ഥമാക്കാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാക്കുവാനും കഴിയും. മോശം കൂട്ടുകെട്ടുകളിൽപെട്ടു പോകാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. വാത- നാഡീരോഗങ്ങളെ അവഗണിക്കരുത്. ജോലിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ എല്ലാവരുമായി പങ്കിടരുത്. മികച്ച രീതിയിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരം കിട്ടും. വാക്കുകളിൽ നിയന്ത്രണം വേണം. അയൽക്കാരുമായി രമ്യതയിൽ കഴിയണം.ഉടമ്പടികളിൽ ഒപ്പുവെക്കാൻ തുലാം മാസം വരെ കാലം അനുകൂലമല്ല.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി , മകയിരം 1/2)

ഇടവക്കൂറുകാർക്ക് അനുകൂല ഫലം.ഗുണഫലങ്ങൾ കൂടുതലും ചിങ്ങം തൊട്ട് മീനം വരെയുള്ള മാസങ്ങളിലാവും. തൊഴിലിൽ ഉയർച്ച വരും. പ്രൊഫഷണലുകൾക്ക് അംഗീകാരവും ആദരവും ലഭിക്കും. ഔദ്യോഗിക രംഗത്ത് ഉയർച്ച, ഗ്രഹനിർമാണ പ്രവർത്തികൾ ആരംഭിക്കും. ഗൃഹത്തിൽ മംഗളകർമങ്ങൾ നടക്കും. നേത്രരോഗം, ത്വക്ക് രോഗം ഇവ വരാൻ സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. രാശിയിലെ ചൊവ്വയും പന്ത്രണ്ടിലെ രാഹുവും വഴക്കിനും വക്കാണത്തിനും സന്ദർഭം സൃഷ്ടിച്ചേക്കും.

തർക്കങ്ങൾ, ജാമ്യം മധ്യസ്ഥത ഇവയ്ക്ക് പോവരുത്. ബന്ധു സഹായം ഉണ്ടാകും. ചിലർക്ക് അന്യദേശത്തേക്ക് മാറിത്താമസിക്കേണ്ടി വരാം. പുതിയ സംരംഭങ്ങളിലേർപ്പെടും. അതിന് വർഷത്തിന്റെ ആദ്യപകുതിയിലാവും സാധ്യത.സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത്. ജോലിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ എല്ലാവരുമായി പങ്കിടരുത്. മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് ശ്രമിക്കണം. അപ്രതീക്ഷിതമായി ചില ചെലവുകൾ ഉണ്ടാകും.അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. സൗഹൃദ ബന്ധങ്ങൾ ദൃഢമാകും.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )

മിഥുനക്കൂറുകാർക്ക് ധനപരമായി ഗുണകാലം. പൈതൃക സ്വത്തിൽ അവകാശം ഭവിക്കും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ / ഏജൻസികളിൽ അവസരം ലഭിക്കും.തൊഴിൽ രംഗത്ത് വെല്ലുവിളി നേരിടേണ്ടി വരുമെങ്കിലും വിജയം വരിക്കും. കച്ചവട വിജയം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വരുമെങ്കിലും തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വര പ്രാർഥന ചെയ്യുക.ഉപരിപഠനത്തിന് വിദേശത്ത് പോകാൻ സാധ്യതയുണ്ട്.

കളളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാകാൻ സാധ്യത യുള്ളതിനാൽ കരുതിയിരിക്കണം. മറ്റുള്ളവരുടെ നല്ലതിനായി ചെയ്യുന്ന കാര്യങ്ങൾ തെറ്റായി വാഖ്യാനിക്കപ്പെടും. ആർക്കും അനാവശ്യ വാഗ്ദാനങ്ങൾ നൽകരുത്. വിദേശത്ത് നിന്ന് ശുഭവാർത്തയുണ്ടാകും. കമിതാക്കൾക്കിടയിൽ സ്നേഹം ദൃഢമാകും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ നയോപായത്തിലൂടെ പരിഹരിക്കും. പുതുവാഹനം വാങ്ങും.

സർക്കാരിൽ നിന്നും സഹായധനം വന്നുചേരും.ഈശ്വരാധീനത്താൽ ശത്രു ജയം. സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്തു കൊണ്ട് തൊഴിൽ സ്ഥാപനം നവീകരിക്കും.ഭക്ഷ്യജന്യ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരത്തിൽ ശ്രദ്ധ വേണം.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ഗുണദോഷസമ്മിശ്ര ഫലം.മാനസോല്ലാസവും ഭൗതിക നേട്ടങ്ങളും ഉണ്ടാകുന്ന വർഷമാണ്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഗൃഹനവീകരണം പൂർത്തീകരിക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷത്തിന് ഇടവരുത്തും. യാത്രകളിലൂടെ വ്യാപാരം അഭിവൃദ്ധിപ്പെടുത്തും. നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനം ലക്ഷ്യപ്രാപ്തിയിലെത്തും. രഹസ്യ ഇടപാടുകൾ, അസമയത്തെ യാത്ര ഇവ പാടില്ല.

വിവാഹം ആലോചിച്ച് ഉറപ്പിക്കും. തൊഴിലിൽ ഗുണകരമായ മാറ്റം.വ്യാപാരം അഭിവൃദ്ധിപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം / ശമ്പളാധിക്യം എന്നിവ വന്നുചേരാം. ദാമ്പത്യ ജീവിതത്തിലെ ചെറിയ ചെറിയ പിണക്കങ്ങൾ പറഞ്ഞു തീർക്കണം. കുടുംബപരമായ പ്രശ്നങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കും. ബന്ധുക്കളുടെയും ആത്മാർഥ സുഹൃത്തുക്കളുടെയും താക്കീതുകൾ അവഗണിക്കരുത്. എടുത്തു ചാട്ടം പെട്ടെന്നുള്ള തീരുമാനങ്ങൾ ഇവ പാടില്ല. പ്രണയം പൂവണിയും. വിവാഹാലോചന പുരോഗമിക്കും. ആഗ്രഹിച്ച സ്ഥലം മാറ്റത്തിന് സാധ്യത.

ചിങ്ങക്കൂറ്
( മകം, പൂരം , ഉത്രം 1/4)

ചിങ്ങക്കൂറുകാർക്ക് പൊതുവിൽ സമയം നന്നല്ല. മാനസിക സമ്മർദം ഒഴിവാക്കാനുള്ള വഴികൾ സ്വയം കണ്ടെത്തണം. കർമരംഗത്ത് അബദ്ധങ്ങൾ പറ്റാതിരിക്കാൻ നല്ല ശ്രദ്ധ വേണം. അസുഖങ്ങളെ അവഗണിക്കാതെ തക്കതായ ചികിത്സ നല്‍കണം. ബിസിനസ്സിൽ പങ്കാളി വാക്ക് പാലിക്കാത്തതിനാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് വരാം. കുടുംബത്തിൽ സമാധാനം നിലനിർത്താൻ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യണം. വിദ്യാർഥികൾ കഠിനാധ്വാനം ചെയ്യുകവഴി ഗുണാനുഭവങ്ങൾ ഉണ്ടാവും. അഗ്നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ വേണം.ധാരാളം യാത്ര ചെയ്യേണ്ടിവരും. ബന്ധു സമാഗമം, സുഹൃത്സമാഗമം എന്നിവയുണ്ടാവും.

വിദേശത്ത് കഴിയുന്നവർ ജന്മനാട്ടിലേക്ക് മടങ്ങിവന്നേക്കും. പുതുസംരംഭങ്ങൾ തുടങ്ങാൻ വർഷത്തിന്റെ രണ്ടാം പകുതി അനുകൂലമാണ്. മക്കളുടെ വിവാഹം ഭംഗിയായി നടത്തും. രാഷ്ട്രീയ നേട്ടങ്ങൾക്കായി നിലപാടുകൾ തിരുത്തും. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നതായിരിക്കും.

കന്നിക്കൂറ്
(ഉത്രം3/4 അത്തം, ചിത്തിര 1/2)

കന്നിക്കൂറിന് ഭാഗ്യാനുഭവങ്ങൾ വർധിക്കും. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും.പ്രണയം വിവാഹത്തിൽ കലാശിക്കും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരിച്ചു കിട്ടും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. വിദേശ യാത്രകൾ കൊണ്ട് നേട്ടങ്ങളുണ്ടാകും. ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കും. കടബാധ്യതകൾ പരിഹരിക്കും.

നീണ്ട കാലമായി തുടരുന്ന രോഗങ്ങൾക്ക് പുതുചികിത്സകൾ ഫലിക്കും.ധനപരമായി നല്ല ഉയർച്ച ഉണ്ടാകും. ഭാഗ്യവും ഈശ്വരാധീനവും തൊഴിലിൽ നേട്ടമുണ്ടാക്കാൻ സഹായകമാവും. മുടങ്ങി കിടന്ന ഗൃഹനിർമാണ പ്രവൃത്തി പുനരാരംഭിക്കും. വിദ്യാർഥികൾക്ക് പഠന വിജയം. ഉദ്യോഗഭാഗ്യം. പല തവണ മാറ്റി വെച്ച വിദൂരയാത്രയ്ക്ക് തയ്യാറെടുക്കും. ആരുമായും തർക്കത്തിനും കലഹത്തിനും പോകരുത്. പുതിയ വാഹനം, വീട്, ഭൂമി ഇവ വാങ്ങാൻ അനുകൂല സമയം.കലാപരമായ സിദ്ധികൾക്ക് അംഗീകാരം ലഭിക്കും.

തുലാക്കൂറ്
(ചിത്തിര 1/2 ചോതി വിശാഖം 3/4 )

തുലാക്കൂറുകാർക്ക് ഗുണദോഷസമ്മിശ്ര ഫലം.വർഷാരംഭത്തിൽ ചില തിരിച്ചടികളുണ്ടായാലും ക്രമേണ പല നേട്ടങ്ങളും വന്നുചേരും. പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സുകാർ കർമ്മരംഗം വിപുലീകരിക്കാൻ പദ്ധതികൾ തയ്യാറാക്കും. കുടുംബസമേതം ഉല്ലാസ യാത്രനടത്തും. ഊഹക്കച്ചവടത്തിൽ ലാഭം വർദ്ധിക്കും.

നിസ്വാർഥമായി വിവിധോദ്ദേശ ചുമതലകൾ നിർവഹിക്കുകയും പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യബോധത്തോടെ സത്ഫലപ്രാപ്തി കൈവരിക്കാനും കഴിയും. ദൈവാധീനം വർധിപ്പിക്കുക. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. യാത്രകൾ കഴിവതും കുറയ്ക്കുക. വാഹന കാര്യങ്ങളിൽ നല്ല ജാഗ്രത വേണം. ദുശ്ശീലങ്ങളിലേക്ക് വഴി തെറ്റരുത്. ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അലട്ടിയേക്കാം. ഹൃദ് നാഡീരോഗ പീഡകൾക്ക് തക്കതായ ചികിത്സ നല്‍കണം.ധനനഷ്ടം അപവാദം ഇവ കരുതിയിരിക്കുക.സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്ക് ജോലി മാറ്റം, സ്ഥാനക്കയറ്റം എന്നിവ ലഭിച്ചേക്കും. നാല്, അഞ്ച് രാശികളിലായി സഞ്ചരിക്കുന്ന ശനി ഗാർഹിക ക്ലേശം, മാതൃസൗഖ്യക്കുറവ്, ബന്ധുവിരോധം, മക്കളെച്ചൊല്ലിയുള്ള വിഷമങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പ്രണയികൾ വർഷാന്ത്യത്തിൽ വിവാഹ ജീവിതത്തിൽ പ്രവേശിക്കാനിടയുണ്ട്.

വൃശ്ചികക്കൂറ്
(വിശാഖം 1/4 അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് അനുകൂല കാലമാണ്. വിദ്യാർഥികൾ പഠനത്തിൽ മികവ് തെളിയിക്കും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പലകാര്യത്തിലും സന്താനങ്ങളുടെ സഹായം ഉണ്ടാകും. വിദേശത്ത് പഠിക്കാൻ തീരുമാനിച്ചിരിക്കുന്ന വിദ്യാർഥികൾക്ക് അനുകൂല സമയമാണ്. ചിരകാല സ്വപ്നം സഫലമാകുന്നതിൽ സന്തോഷിക്കും. വേണ്ടത്ര ആലോചന ഇല്ലാത്ത ചില പ്രവൃത്തികളിൽ പാശ്ചാത്തപിക്കും. ഭാഗ്യവും ഈശ്വരാധീനവും തൊഴിലിൽ നേട്ടമുണ്ടാക്കാൻ സഹായിക്കും.സമൂഹത്തിന്റെ ആദരവ് നേടും. പുതുസംരംഭങ്ങൾ തുടങ്ങാനും വിജയിക്കാനും കഴിയും. വിദ്യാർത്ഥികൾക്ക് സഹായ ധനം, അംഗീകാരം എന്നിവ ലഭിക്കും.

മക്കളില്ലാത്ത ദമ്പതികൾക്ക് സന്താനസൗഭാഗ്യം ഉണ്ടാവും. ഗുരുജനങ്ങളുടെ അനുഗ്രഹം നേടും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്ന കാലമാണ്. കരാർപണികളിൽ നിന്നും ആദായമുണ്ടാകും. തെരഞ്ഞെടുപ്പുകളിൽ വിജയിക്കും.ഭൂമി ഇടപാടിൽ നേട്ടം. വിലപ്പെട്ട വസ്തുക്കൾ കൈവശം വന്നു ചേരും. പഴയവീടോ വാഹനമോ സ്വന്തമാക്കും.ശത്രുക്കളുടെ പ്രവർത്തനങ്ങളെ വേഗത്തിൽ തിരിച്ചറിയും. വർഷാന്ത്യത്തിൽ ധനപരമായും തൊഴിൽപരമായും ചില വൈഷമ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4).

വ്യക്തിപരമായി നേട്ടങ്ങൾക്ക് മുൻതൂക്കമുള്ള വർഷമാണ്. ഏഴര ശനി ഒഴിയുന്നതും വ്യാഴം 4, 5 ഭാവങ്ങളിൽ സഞ്ചരിക്കുന്നതും അനുകൂലമാണ്. വർഷത്തിന്റെ രണ്ടാം പകുതി ഗുണപ്രധാനമായിരിക്കും. കുടുംബപ്രശ്നങ്ങൾ മിക്കതും പരിഹരിക്കാനാവും. വാഹനം വാങ്ങാനോ ഗൃഹം നവീകരിക്കാനോ ഉള്ള ശ്രമങ്ങൾ വിജയിക്കും. ധനപരമായി കുറച്ചു കാലമായി ഉണ്ടായിരുന്ന ആശങ്കകൾ ഒഴിയും. മത്സര പരീക്ഷയിൽ കഠിനാധ്വാനത്തിലൂടെ വിജയിക്കും. അശുഭചിന്തകൾ ശക്തമാകുന്നത് ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകും. ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ സാധ്യത. ആവശ്യമില്ലാത്ത സാധനങ്ങൾക്കായി പണം ചെലവാക്കി കളയരുത്. അനാവശ്യ സംസാരം ഒഴിവാക്കുക.

ജീവിത പങ്കാളിയുടെ സഹായം ഉണ്ടാകും. സുപ്രധാന രേഖകൾ കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ പാടില്ല. ആരേയും അമിതമായി വിശ്വസിക്കരുത്. കുടുംബത്തിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുക വഴി സമാധാനം നിലനിൽക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷമേകും. ആത്മവിശ്വാസത്തോടെ നവസംരംഭങ്ങൾ തുടങ്ങും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധയും വിശ്വാസവും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിലെ അനൈക്യങ്ങൾ മാറും. ചെറുകിട വ്യപാരികൾ നേട്ടങ്ങൾ ഉണ്ടാക്കും.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 )

മകരക്കൂറിന് ഗുണദോഷസമ്മിശ്രം. ആശയക്കുഴപ്പം പരിഹരിച്ച് ഉത്തരവാദിത്വം പൂർണമായി നിറവേറ്റണം. കർമ്മരംഗത്ത് ഉത്കർഷമുണ്ടാകും. വിവാദങ്ങളെ സമർത്ഥമായി മറികടക്കും. ഊഹക്കച്ചവടത്തിൽ ലാഭം കിട്ടുന്നതാണ്. സഹോദരാനുകൂല്യം ഭവിക്കും. കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തും. സൗഹൃദങ്ങൾ മനസ്സന്തോഷത്തിന് വഴിതുറക്കും. അനാവശ്യമായ യാത്രകൾ ഒഴിവാക്കുകയാവും ഉചിതം.ധനനഷ്ടത്തിന് സാധ്യത ഉണ്ട്. സ്വജനങ്ങൾക്ക് പണം കടം കൊടുക്കാൻ നിർബന്ധിതനാകും. എന്നാൽ ചിലർ അത് തിരിച്ചു തരുന്നതിൽ വീഴ്ച വരുത്തും.

വിദ്യാർഥികൾ ക്ഷമാപൂർവം നീങ്ങിയാൽ ലക്ഷ്യപ്രാപ്തി നേടും. ഹൃദ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ശ്രദ്ധയും പരിഗണനയും ലഭിക്കും. ധൃതി പിടിച്ച് നിക്ഷേപം നടത്തരുത്. ഗുരുക്കൻമാരുടെയും മാതാപിതാക്കളുടെയും ഉപദേശങ്ങൾ സ്വീകരിക്കുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാതാപിതാക്കളുടെ സഹായത്താൽ തരണം ചെയ്യും. വാത – പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധ പുലർത്തണം. അയൽബന്ധങ്ങളിൽ രമ്യത കുറയാം. വിജ്ഞാന സമ്പാദനത്തിനും സാങ്കേതികവിദ്യ നേടാനും സമയം കണ്ടെത്തും. ആരോഗ്യപരമായി കൂടുതൽ ജാഗ്രത പുലർത്തേണ്ട വർഷമാണ്.


കുംഭക്കൂറ്
(അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി 3/4)

കുംഭക്കൂറിന് പൊതുവിൽ നല്ല സമയം. വ്യാപാരത്തിൽ നേട്ടമുണ്ടാകും. ദു:ശ്ശീലങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിയും. വിദ്യാർഥികൾക്ക് മത്സര പരീക്ഷയിൽ നേട്ടം. പുണ്യതീർഥയാത്രയ്ക്ക് അവസരമുണ്ടാകും. മുടങ്ങിക്കിടന്ന ഗൃഹനിർമാണ പ്രവൃത്തികൾ പുനരാരംഭിക്കും. അർപ്പണ മനോഭാവവും കഠിനാധ്വാനവും കർമരംഗത്ത് കുതിച്ചുചാടാൻ സഹായിക്കും. ആഗ്രഹിച്ച സ്ഥലം മാറ്റത്തിനും ഉദ്യോഗകയറ്റത്തിനും സാധ്യത ഉണ്ട്. ചെറിയ ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയേക്കാം. ചതിയിൽ പെടാതെ നോക്കണം. ദുഷ്ടരായ ആളുകളിൽ നിന്നും അകന്നു നിൽക്കണം. തൊഴിലിൽ ചില അശാന്തികൾ ഉണ്ടായേക്കാം. വസ്തുതർക്കങ്ങൾ നീണ്ടുപോയേക്കാം.

അന്യന്റെ കാര്യത്തിനായി സമയവും ഊർജ്ജവും കൂടുതൽ ചെലവഴിക്കുന്ന പ്രവണതയെ നിയന്ത്രിക്കേണ്ടതുണ്ട്. പ്രൊഫഷണലുകൾ വെല്ലുവിളികളെ മറികടക്കും. വിദേശയാത്രക്ക് കാലതാമസം ഏർപ്പെടാം. കരാറുകൾ പുതുക്കിക്കിട്ടും. രാഷ്ട്രീയക്കാർക്ക് സ്ഥാനഭ്രംശമോ നേതൃത്വത്തിൽ നിന്നും ശാസനയോ നേരിടേണ്ടിവരും. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി )

മീനക്കൂറിന് പൊതുവെ സമയം നന്നല്ല. കർമരംഗത്തെ അസ്വസ്ഥതകൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യുക. നല്ല ക്ഷമയോടെ ഏത് സന്ദർഭങ്ങളിലും പെരുമാറുക. വിവാഹകാര്യത്തിൽ ധൃതിയിൽ തീരുമാനമെടുക്കരുത്. അസ്ഥി, വാത സംബന്ധമായ അസുഖം ഉള്ളവർ ശ്രദ്ധിക്കുക.

കുടുംബ സ്വത്ത് തർക്കം പരിഹരിക്കുന്നതിന് ബന്ധുക്കൾ നടത്തുന്ന ഒത്തുതീർപ്പ് ശ്രമത്തോട് മുഖം തിരിക്കരുത്. സുഹൃത്തുക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കലഹിക്കരുത്. സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. സന്താനങ്ങളുടെ കാര്യത്തിലെ ചില പ്രയാസങ്ങൾ ഈശ്വാരാധീനത്താൽ മറികടക്കാൻ കഴിയും.
വരവുചെലവുകൾ തുല്യമായിരിക്കും. ചില നിക്ഷേപങ്ങൾ പിൻവലിക്കാനും ലാഭകരമായ ചില മുതൽ മുടക്കുകൾ നടത്താനും ശ്രമിക്കും. വർഷത്തിന്റെ രണ്ടാംപകുതി മുതൽ ഏഴര ശനിക്കാലമാകയാൽ ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം. സാമൂഹികമായി അംഗീകാരവുംമാന്യതയും കൂടും. വിവാഹാവസരം വന്നുചേരും.

കലാകായിക മത്സരങ്ങളിൽ വിജയം ഭവിക്കുന്നതാണ്. മാധ്യമരംഗം, അധ്യാപനം, സാങ്കേതിക തൊഴിൽ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാവും. അഷ്ടമകേതു മൂലം ചില അവിചാരിതമായ ക്ലേശങ്ങൾ ഉണ്ടാവാം.

Advertisement