കൊച്ചി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.

സംഭവം വിവാദമായതോടെ പ്രവർത്തകർ ഈ ചിത്രത്തിന് മുകളിൽ മഹാത്മാഗാന്ധി ചിത്രം വെച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ ‘വീർ സവർക്കറു’ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഫ്ലക്സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവർത്തകനായിരുന്നുവെന്നാണ് വിശദീകരണം. ഇയാൾ ഫ്ലക്സ് പ്രിന്റിങ്ങിനായി ഒരു കടക്കാരനെ ഏൽപ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്പോൾ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അത് നീക്കാൻ നിർദ്ദേശം നൽകിയതായി നേതാക്കൾ അറിയിച്ചു.

അതേസമയം ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം തുടങ്ങി. ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ അവസാനിച്ച യാത്ര രാവിലെ കുമ്പളം ടോൾ ജംങ്ഷനിൽ നിന്ന് തുടങ്ങി. 18 കിലോമീറ്ററോളം സഞ്ചരിച്ച് ഇടപ്പള്ളി സെൻറ് ജോർജ് പള്ളി പരിസരത്ത് ഇന്നത്തെ യാത്ര അവസാനിപ്പിക്കും. രാവിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്ന് തുടങ്ങുന്ന യാത്ര ബൈപ്പാസിലൂടെ സഞ്ചരിച്ച് ഇടപ്പളളി പളളി മുറ്റത്ത് എത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് ട്രാൻസ്ജെൻഡറുകൾ അടക്കമുളള വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച. വൈകിട്ട് നാലിന് ഇടപ്പളളി ടോളിൽ നിന്ന് ആലുവയിലേക്ക് പദയാത്ര.

രാത്രി ഏഴിന് ആലുവ സെമിനാരിപ്പടി ജംങ്ഷനിൽ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. തുടർന്ന് ആലുവ യുസി കോളജിലാണ് രാഹുലിൻറെയും കൂട്ടരുടെയും താമസം. ജില്ലയിലെ പരമാവധി പ്രവർത്തകരെ ഈ സമയം ജാഥയിൽ അണിനിരത്താനാണ് ഡി സി സി നേതൃത്വം തീരുമാനിച്ചത്. 7 മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും. ഉച്ചയ്ക്ക് കളമശ്ശേരിയിലെ ഞാലകം സെൻററിലാണ് രാഹുൽ ഗാന്ധി വിവിധ മേഖലയിലെ ആൾക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ട്രാൻസ്‍ജൻഡറുകൾ, ഐ ടി പ്രൊഫഷണലുകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുമായാണ് കൂടിക്കാഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here