ക്യാന്‍സര്‍ രോഗിയായ അമ്മൂമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി, ചെറുമകന്‍ പോലീസ് പിടിയില്‍

കുന്നിക്കോട്: കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോക്കാട്, തെങ്ങറക്കാവ് വിജയവിലാസത്തില്‍ 90 വയസ്സുള്ള പൊന്നമ്മ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്.

സംഭവത്തില്‍ പൊന്നമ്മയുടെ ചെറുമകനായ ഉണ്ണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍ (35) ആണ് പിടിയിലായത്.
പൊന്നമ്മയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സുരേഷ് കുമാറിന്റെ പെരുമാറ്റത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ സംശയം തോന്നിയിരുന്ന പോലീസ് ഇയാളെ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ മുറിവാണ് മരണ കാരണമെന്നും വ്യക്തമായിരുന്നു.

പൊന്നമ്മ

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സുരേഷ് കുമാര്‍ ആഹാരം കഴിച്ചുകൊണ്ടിരിന്നപ്പോള്‍ അമ്മൂമ്മ എന്തോ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. ദീര്‍ഘകാലമായി ക്യാന്‍സര്‍ ബാധിച്ച് കിടപ്പുരോഗിയായിരുന്ന പൊന്നമ്മയെ സംരക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടും കൊലപാതകം നടത്തുന്നതിന് പ്രേരണയായി എന്നും പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.

സുരേഷ് പൊന്നമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയില്‍ ഇടിക്കുകയും നെഞ്ചത്ത് കൈകൊണ്ട് ഇടിക്കുകയും ചെയ്ത ശേഷം മരണം ഉറപ്പുവരുത്തുകയായിരുന്നു. കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ എം. അന്‍വറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഫൈസല്‍, എഎസ്‌ഐ ഷാനവാസ്, എസ്‌സിപിഒ. അംബിക, ബാബുരാജ്, ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Advertisement