കോഴിക്കോട്: മൂന്ന് ഉറ്റ സുഹൃത്തുക്കളുടെ അടുത്തടുത്തായുള്ള മരണത്തിൽ വികാരധീനനായി അവരുടെ ഫോട്ടോയും ചേർത്ത് പോസ്റ്റിട്ട അന്ന് പുലർച്ചെ ആ കവിയും വിടപറഞ്ഞു.

കവിയും എഴുത്തുകാരനും സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുമായ ദത്തൻ ചന്ദ്രമതി പുലർച്ചെ മരിച്ചത്, സുഹൃത്തുക്കൾക്കും ഫേസ്‌ബുക്കിലെ പരിചയക്കാർക്കും ഞെട്ടലായി. ദത്തൻ ചന്ദ്രമതി എന്ന സുനിൽ ദത്ത് (55)ആണ് മരിച്ചത്.

പുലർച്ചെ നാലരയോടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തൻ ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയത്. തനിക്കുള്ള മരണത്തിന്റെ ടോക്കൺ ചുട് അറിയുന്നുണ്ടെന്നും നാളെ നാളെ എന്ന് അനൗൺസ്മെന്റ് കേൾക്കുന്നപോലെയെന്നും പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടന്റായിരുന്ന സുനിൽ എറണാകുളം അത്താണി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് യുസി കോളജ് ആലുവ ശ്മശാനത്തിൽ നടക്കും.

ദത്തന്റെ പോസ്റ്റിന്റ പൂർണ്ണരൂപം ഇങ്ങനെയാണ്:

”എനിക്കുള്ള ടോക്കൺ ചൂട്
ന്റെ കട്ട ചങ്കുകൾ, മനു മാധവൻ,കുറത്തിയാടൻ, ദിനീഷ്.
എവിടെ കൂടിയാലും വെള്ളമടിക്കും, കവിത പാടും, തെറിവിളിക്കും
അടിയുണ്ടാക്കും. പൗരസ്വാതന്ത്ര്യം , സ്ത്രീ, ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ.എന്നാലും വീട്ടിൽ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ. മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും………. ബാക്കി ഞാൻ മാത്രം, മൂന്നുപേരും അവർ ഒന്നായി എന്നേ മാത്രം പുറന്തള്ളി.എനിക്കുള്ള നറുക്ക്………….നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു.”- ഇങ്ങനെയാണ് ദത്തൻ പോസ്റ്റിട്ടിരിക്കുന്നത്.

എഴുതിയ കവിതകളേക്കാൾ ഫേസ്‌ബുക്കിലുടെയുള്ള നുറങ്ങു കവിതകളും ലേഖനങ്ങളുമാണ് ദത്തനെ ശ്രദ്ധേയനാക്കിയത്. സൽമാൻ റുഷ്ദിയെ കുത്തിയതിനെതിരെ ശക്തമായാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യധാരാ സാഹിത്യകാരമ്മാർ മതത്തെപേടിച്ച്‌ അറച്ചു നിൽക്കുമ്ബോൾ ആയിരുന്നു ഈ പ്രതികരണം. ദത്തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങദെ ആയിരുന്നു. ”എന്റെ സുഹൃത്തേ മനുഷ്യൻ കണ്ടെത്തിയതിൽ ഏറ്റവും ഡേയ്ഞ്ചർവെപ്പനാണ് നിന്റെ കയ്യിലുള്ള മതം.

എല്ലാ തീവ്രവാദത്തിന്റെയും വേര് നിന്റെയാ ഡോഗ്മയ്ക്ക് ഉള്ളിൽ തന്നെയാണ്. വെറുതെ വാചകമടിക്കാതെ സ്നേഹത്തെ കുറിച്ച്‌, സഹോദര്യത്തെ കുറിച്ച്‌ ഇന്ന് റുഷദി ഇന്നലെ പാൻസാരെ മുതൽ, ഗലീലിയോയും ഭ്രൂണോ വരെ. ഇനിയും രക്തക്കൊതി മാറാത്ത ഒരായുധമാണ് നിങ്ങളുടെ കൈവശമുള്ളത്. നാളെ നീ എനിക്ക് നേരെ ഉയർത്തിയാൽ പുല്ലാണ്. സത്യത്തിന്റെ നാവിന് ക്വാണ്ടം തിയറിയുടെ എഫക്റ്റാണ്.

നിന്റ നാവിനെ അതെ ശക്തിയോടെ മാത്രമല്ല രണ്ടു ഫോട്ടോണുകളായി അപ്പുത്ത് പ്രകാശമായി നീ കാണും, ഇതെങ്ങിനെ സംഭവിക്കുന്നവെന്ന് നിനക്കോ നിന്റെ മത വൈതാളികർക്കോ മനസിലാക്കാൻ കഴിയില്ല.അത് പ്രകൃതി നിയമമാണ്. സൽമാൻ റുഷ്ദി ജീവിക്കും ഞങ്ങളിലൂടെ.അദ്ദേഹത്തിന്റെ ജീവന് ഉറപ്പായും ഒന്നും ഉണ്ടാവില്ല, മലാല ഞങ്ങൾക്ക് ദൃഷ്ടാന്തമാണ്, നിങ്ങൾക്കും.”- ഇങ്ങനെയായിരുന്നു ദത്തന്റെ പോസ്റ്റ്.

അതുപോലെ എഴുത്തുകാരൻ സിവിക്ക് ചന്ദ്രൻ നടത്തിയ ലൈംഗിക പീഡനത്തിന്റെ വിഷയത്തിൽ അദ്ദേഹം അതിജീവിതക്ക് ഒപ്പമായിരുന്നു. അതിജീവിത എഴുതിയ കത്ത് സാഹിത്യ അക്കാദാമി പ്രസിഡന്റ് സച്ചിതാനന്ദൻ വായിക്കാൻ എന്ന പേരിൽ അദ്ദേഹം പങ്കുവെച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. ഇങ്ങനെ സജീവമായി നിൽക്കുന്ന സമയത്തുണ്ടായ മരണം, സുഹൃത്തുക്കളെയും, സഹപ്രവർത്തകരയെും ഞെട്ടിച്ചിരിക്കയാണ്.