പ്രവാസി പെൻഷൻ വൈകുന്നു; സോഫ്റ്റ്‌വെയർ തകരാർ മൂലമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ

അബുദാബി: പ്രവാസി ക്ഷേമനിധി ബോർഡ് നൽകിവരുന്ന പ്രവാസി പെൻഷൻ വിതരണം മുടങ്ങി. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്കു വെളിയിൽ കഴിയുന്നവർക്ക് ഈ മാസം പെൻഷൻ കിട്ടിയില്ല. എല്ലാ മാസം അഞ്ചാം തീയതിയാണ് പെൻഷൻ നൽകിവരുന്നത്.

റാസൽഖൈമയിൽ ജോലി ചെയ്യുന്ന ശ്രീധരൻ പ്രസാദ് ഓൺലൈൻ വഴി പരാതിപ്പെട്ടപ്പോൾ വൈകാതെ ലഭിക്കുമെന്ന അറിയിപ്പു കിട്ടിയെങ്കിലും തീയതി പരാമർശിച്ചിട്ടില്ല. സാമ്പത്തിക ഞെരുക്കം മൂലം ഇതു നഷ്ടപ്പെടുമോ എന്നാണ് പ്രവാസികളുടെ വേവലാതി.

സോഫ്റ്റ് വെയർ തകരാറ് മൂലമാണ് ചിലർക്ക് പെൻഷൻ കിട്ടാതിരുന്നതെന്നും എല്ലാവർക്കും 10ാം തീയതി അയച്ചിട്ടുണ്ടെന്നും ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് മനോരമയോടു പറഞ്ഞു. കിട്ടാത്തവർക്ക് വരുംദിവസങ്ങളിൽ ലഭിക്കുമെന്നും കൂട്ടിച്ചേർത്തു. പെൻഷൻകാരുടെ എണ്ണം 35,000 ആയതിനാൽ വിവിധ ഘട്ടമായാണ് പെൻഷൻ നൽകിവരുന്നതെന്നും 20ന് മുൻപ് എല്ലാവർക്കും പെൻഷൻ കിട്ടും എന്നുമാണ് സിഇഒ എം. രാധാകൃഷ്ണൻ പറഞ്ഞത്.

പ്രവാസി പെൻഷൻ

സംസ്ഥാന സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമനിധി ബോർഡാണ് കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പെൻഷൻ നൽകിവരുന്നത്. 2008ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 8 ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. 2014 മുതൽ പെൻഷൻ വിതരണം ചെയ്തുതുടങ്ങി.

ആർക്കൊക്കെ അംഗമാകാം

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ, 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത് കേരളത്തിൽ മടങ്ങി എത്തിയവർ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ.

18നും 60നും ഇടയിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാം.

കൂടുതൽ അടയ്ക്കുന്നവർക്ക് അധിക പെൻഷൻ

5 വർഷത്തിൽ കൂടുതൽ കാലം അംശാദായം അടയ്ക്കുന്നവർക്ക് അധികമായി അടച്ച തുകയുടെ 3% കൂടുതൽ പെൻഷൻ ലഭിക്കും. 60 വയസ് മുതൽ മരണം വരെയും മരിച്ചുകഴിഞ്ഞാൽ അനന്തരാവകാശിക്കും പെൻഷൻ ലഭിക്കും.

പ്രീമിയംതുക ആദ്യവർഷം തന്നെ

നിലവിലെ നിയമം അനുസരിച്ച് 5 വർഷത്തേക്ക് 21,000 രൂപയാണ് ഒരു പ്രവാസി അടയ്ക്കേണ്ടത്. ഇപ്പോഴത്തെ പെൻഷൻ തുക അനുസരിച്ച് 3500 രൂപാ വീതം ഒരു വർഷത്തേക്ക് 42,000 രൂപ പെൻഷനായി ലഭിക്കും. മൊത്തം പ്രീമിയത്തെക്കാൾ കൂടുതൽ തുക ആദ്യ വർഷം തന്നെ ലഭിക്കും എന്നതാണ് നേട്ടം.

മറ്റ് ആനുകൂല്യങ്ങൾ

ഓൺലൈൻ വഴി ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അംഗമാകാം. പെൻഷന് പുറമേ ചികിത്സ, വിദ്യാഭ്യാസം, വിവാഹ ധനസഹായങ്ങളും ഭവന, വസ്തു വായ്പകളും തിരിച്ചെത്തിയ പ്രവാസികൾക്ക് പുനരധിവാസ പദ്ധതിക്കുള്ള സാമ്പത്തിക സഹായവും നൽകുന്നുണ്ട്.

ജോലി നഷ്ടപ്പെട്ടാലോ

ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവർക്ക് നാട്ടിൽനിന്നും തുക അടച്ച് 5 വർഷം പൂർത്തിയാക്കാം. മടങ്ങിയെത്തിയ വിവരം അറിയിച്ചാൽ തുടർന്നുള്ള പ്രീമിയം 200 രൂപയായി കുറച്ചുതരും. എന്നാൽ പ്രീമിയം അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ചായിരിക്കും പെൻഷൻ ലഭിക്കുക.

അടയ്ക്കേണ്ട തുക

ക്ഷേമനിധിയിൽ അംഗമാകുന്ന വിദേശ ഇന്ത്യക്കാർ മാസത്തിൽ 350 രൂപാ വീതമാണ് അടയ്ക്കേണ്ടത്. തിരിച്ചെത്തിയവരും അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും 200 രൂപാ വീതവും. ഇത് മാസത്തിൽ ഒരിക്കലോ അഞ്ചു വർഷത്തേക്ക് ഒന്നിച്ചോ തുക ബാങ്ക് മുഖേന അടയ്ക്കാം.

പെൻഷന് എപ്പോൾ അപേക്ഷിക്കാം

5 വർഷം അംശാദായം അടച്ചവർക്ക് 60 വയസ് പൂർത്തിയാൽ പെൻഷന് അപേക്ഷിക്കാം. വിദേശ ഇന്ത്യക്കാർക്ക് നിലവിൽ 3500 രൂപയും മടങ്ങി എത്തിയവർക്കും കേരളത്തിനു വെളിയിൽ ഉള്ളവർക്ക് 3000 രൂപയുമാണ് ഇപ്പോൾ നൽകിവരുന്നത്. അപേക്ഷിക്കേണ്ടത് ഓൺലൈൻ വഴി. 60 വയസ്സു കഴിഞ്ഞ് ഗൾഫിൽ തുടരുന്നവർക്കും പെൻഷന് അർഹതയുണ്ട്. വെബ്സൈറ്റ് www.pravasikerala.org

Advertisement