പനാമ കനാലില്‍ ട്രാഫിക് ബ്ലോക്ക്, ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

പനാമ: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പനാമ കനാലിനേയും ബാധിക്കുന്നു. മഴയുടെ കുറവ് പനാമ കനാലിലെ കപ്പല്‍ ഗതാഗതത്തെ വലിയ തോതില്‍ ബാധിക്കുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള പനാമ കനാലിലെ ജല നിരപ്പിനെയാണ് വരള്‍ച്ച സാരമായി ബാധിച്ചിരിക്കുന്നത്. മേഖലയിലെ കടുത്ത വരള്‍ച്ച പനാമ കനാലിലെ ജലനിരപ്പ് അതിവേഗത്തില്‍ താഴാന്‍ കാരണമായി.

കനത്ത ധനനഷ്ടം ഉണ്ടാവുമെങ്കിലും ഒരു വര്‍ഷത്തേക്ക് കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിലവിലെ നീക്കം. വെള്ളം കുറവായതിനാല്‍ ഒരു ദിവസം 32 കപ്പലുകള്‍ക്കേ കടന്നു പോകാന്‍ കഴിയുന്നുള്ളൂ. കപ്പലുകള്‍ കനാല്‍ കടക്കാന്‍ 19 ദിവസം കാത്തിരിക്കേണ്ടി വരുമെന്നാണ് കനാലിന്റെ ചുമതലയുള്ള അധികൃതര്‍ വിശദമാക്കുന്നത്.

മറ്റ് സമുദ്രപാതകള്‍ കടല്‍ ജലത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പനാമ കനാല്‍ ശുദ്ധജലത്തെയാണ് ആശ്രയിക്കുന്നത്. 2022 ല്‍ ദിവസവും 40 കപ്പലുകളാണ് ഇതുവഴി കടന്നു പോയിരുന്നത്.

Advertisement