കൊട്ടിയത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വൻ അഗ്നിബാധ

കൊട്ടിയം: അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം കത്തി നശിച്ചു.സംഭവ സമയം മുറിയിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കൊട്ടിയം ഇ.എസ്.ഐ. ജംഗ്ഷനടുത്ത് ദേശീയ പാതയ്ക്കരികിലുള്ള തെക്കേവീട്ടിൽ അബ്ദുൽ മനാഫ് മെമ്മോറിയൽ എസ്.എസ്.ബിൽഡിംഗിൻ്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിതെറിച്ചു കൊണ്ടിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സ് സംഘം കെട്ടിടത്തിന് മുകളിലെത്തിയത്. നാലോളം പാചകവാതക സിലിണ്ടറുകൾ കെട്ടിടത്തിൻ്റെ മുകൾഭാഗം മുൻവശം പൊളിച്ച് താഴേക്ക് ഇടുകയായിരുന്നു.സംഭവമറിഞ്ഞ് വൻ ജനാവലിയും ദേശീയ പാതയിൽ തടിച്ചുകൂടിയിരുന്നു. കൊല്ലം, കുണ്ടറ, പരവൂർ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘവും കൊട്ടിയം, കണ്ണനല്ലൂർ, ഇരവിപുരം എസ്.എച്ച്.ഓ.മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെ ത്തിയിരുന്നു രാത്രി എട്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. അന്യസംസ്ഥാന തൊഴിലാളികൾ ഓടി താഴെയിറങ്ങി വിവരം പറയുമ്പോഴാണ് തീപിടുത്തവിവരം പുറത്തറിയുന്നത്.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാകാനായത്.സംഭവ സമയം അറ് പേരാണ് ഹാളിൽ ഉണ്ടായിരുന്നത്. ഹാളിൽ താമസിച്ചിരുന്നവരുടെ വസ്ത്രങ്ങളും സമ്പാദ്യങ്ങളെല്ലാം കത്തിനശിച്ചിരുന്നു.പത്ത് യൂണിറ്റോളം ഫയർഫോഴ്സും നാട്ടുകാരും, പൊലീസും ഏറെ പണിപെട്ടാണ് തീനിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്കിട്ട ഗ്യാസ് സിലിണ്ടറുകൾ ലീക്കായത് പരിഭ്രാന്തിക്കിടയാക്കി.

Advertisement