ദുബായിൽ 16 പുതിയ ബസ് സ്റ്റേഷനുകൾ, ആറ് ഡിപ്പോകൾ

ദുബായ് : എമിറേറ്റിൽ 16 പുതിയ ബസ് സ്റ്റേഷനുകളും ആറ് പുതിയഡിപ്പോകളും ഉടൻതുറക്കും. അടുത്ത മൂന്ന് വർഷത്തിനകമായിരിക്കും പുതിയ ബസ് സ്റ്റേഷനുകളും ഡിപ്പോകളും നിർമിക്കുക. പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) നടപ്പാക്കുന്ന മൂന്ന് വർഷത്തെ പദ്ധതിപ്രകാരമാണിത്.

ദേരയിൽ ഒമ്പത് ബസ് സ്റ്റേഷനുകളും ബർ ദുബായിൽ ഏഴ് ബസ് സ്റ്റേഷനുകളും തുറക്കും. മാൾ ഓഫ് എമിറേറ്റ്‌സ്, സബ്ഖ, ജബൽ അലി, അൽ ഖൂസ്, ഇബ്ൻ ബത്തൂത്ത, ഹത്ത, ഗോൾഡ് സൂക്ക്, അൽ ഖസൈസ്, ദേര സിറ്റി സെന്റർ, അൽ ഗുബൈബ, യൂണിയൻ, സത്വ, അൽ റഷ്ദിയ, അബു ഹെയിൽ, ഇത്തിസലാത്ത്, കരാമ എന്നിവിടങ്ങളിലായാണ് ബസ് സ്റ്റേഷനുകൾ തുറക്കുക.
കൂടാതെ ബസ് ടെർമിനലുകൾ നവീകരിക്കുകയും ചില സ്റ്റേഷനുകളിൽ പ്രാർഥനാ മുറികൾ സജ്ജീകരിക്കുകയും ചെയ്യും. ഖവാനീജ്, അൽ ഖിസൈസ്, അൽ റുവിയ്യ, അൽ അവീർ, ജബൽ അലി, അൽ ഖൂസ് എന്നിവിടങ്ങളിലായാണ് ആറ് ബസ് ഡിപ്പോകൾ തുറക്കുന്നത്.

അൽ ഖൂസ്, ജബൽ അലി ഡിപ്പോകളിൽ ഡ്രൈവർമാർക്കുള്ള താമസസൗകര്യങ്ങളുുമുണ്ടാകും. പുതിയ ഗതാഗത സിഗ്നൽ സ്ഥാപിക്കുകയും നടപ്പാതകൾ നിർമിക്കുകയും ചെയ്യും.

അഞ്ച് സ്റ്റേഷനുകളിൽ ബസ് പാർക്കിങ് യാർഡുകൾ പുനർരൂപകൽപ്പന ചെയ്യും. നിശ്ചയദാർഢ്യമുള്ളവർക്കുകൂടി പ്രയോജനകരമാകുന്നവിധത്തിലായിരിക്കും നവീകരണങ്ങൾ നടപ്പാക്കുക.

പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നിരവധി കരാറുകൾ നൽകിയിട്ടുണ്ടെന്ന് ആർ.ടി.എ.ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടി ആർ.ടി.എ ലക്ഷ്യമിടുന്നുണ്ട്.

Advertisement