ഇരുതലയുള്ള പാമ്പിൻ കുഞ്ഞ്; വൈറലായി അപൂർവ്വ വീഡിയോ !

അഞ്ചും പത്തും തലയുള്ള പാമ്പുകൾ മനുഷ്യൻറെ ഭാവനയിൽ മാത്രമുള്ള കാര്യങ്ങളാണ്. എന്നാൽ, രണ്ട് തലയുള്ള പാമ്പുകളെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തായിരിക്കും അവയുടെ പ്രത്യേകത എന്നറിയാമോ?

ഇനി അങ്ങനെയൊന്ന് സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കിൽ, അത്തരത്തിൽ അപൂർവ്വമായ ഒരു സംഭവം യുകെയിലെ ഒരു പെറ്റ് സ്റ്റോറിലുണ്ടായി. ഇവിടെ മുട്ട വിരിഞ്ഞുണ്ടായ പാമ്പിൻ കുഞ്ഞുങ്ങളിൽ ഒന്നിന് രണ്ട് തലയുണ്ടെന്നാണ് സ്റ്റോറിലെ ജീവനക്കാർ പറയുന്നത്. ഈ അപൂർവ്വ ഇരട്ടത്തലയൻ പാമ്പിൻ കുഞ്ഞിൻറെ ദൃശ്യങ്ങളും അവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വെസ്റ്റേൺ ഹോഗ്നോസ് ഇനത്തിൽ പെട്ട ഈ പാമ്പിൻ കുഞ്ഞ് കഴിഞ്ഞ മാസമാണ് മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയത്. എക്‌സെറ്ററിലെ എക്‌സെറ്റർ എക്‌സോട്ടിക്‌സ് എന്ന ഉരഗ വളർത്ത് മൃഗ സ്റ്റോറിലാണ് ഈ അപൂർവ്വ സംഭവം.

എക്‌സെറ്റർ എക്‌സോട്ടിക്സ് പെറ്റ് സ്റ്റോർ തന്നെയാണ് ഈ അപൂർവ ജനനത്തെക്കുറിച്ച് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. പാശ്ചാത്യ ഹോഗ്‌നോസ് ഇനത്തിൽപ്പെട്ട പാമ്പാണ് ഇതൊന്നും യാതൊരു വിധത്തിലുള്ള അപകടങ്ങളും കൂടാതെയായിരുന്നു ഈ പാമ്പിൻ കുഞ്ഞിൻറെ ജനനമെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ ജനന ശേഷം അതിൻറെ പുറംതൊലി അനായാസം ഉരിഞ്ഞ് പോയതായും ശരീരത്തിൽ മറ്റ് മുറിവുകൾ ഒന്നുമില്ലെന്നും അവർ എഴുതി. വാലിൻറെ അഗ്രഭാഗം മാത്രം ചുരുണ്ടാണിരിക്കുന്നതെന്നും എന്നാൽ അത് അതിൻറെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.

രണ്ട് തലകലുള്ള ഈ കുഞ്ഞൻ പാമ്പ് ഒരു കൗതുക കാഴ്ചയാണെന്നും സ്റ്റോർ ജീവനക്കാർ പറയുന്നു. രണ്ട് വായിലൂടെയും പാമ്പ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും എന്നാൽ, ഇടതുഭാഗത്തെ വായിലൂടെ നൽകുമ്പോൾ ഇറക്കാൻ നേരിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തിയെന്നും വലതുഭാഗത്തെ വായിലൂടെ ഭക്ഷണം നൽകിയാൽ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ പാമ്പ് ഭക്ഷണം ഇറക്കിവിടുന്നുണ്ടെന്നും സ്റ്റോർ അധികൃതർ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ എഴുതി. ഒരു സ്റ്റോർ ജീവനക്കാരൻ പാമ്പിനെ കയ്യിൽ വച്ചുകൊണ്ട് അതിൻറെ രണ്ടു തലകളും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇൻസ്റ്റാഗ്രാം പേജിൽ ചേർത്തിട്ടുണ്ട്. ഈ വീഡിയോ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കിടയിൽ വലിയ കൗതുകമാണ് നിറയ്ക്കുന്നത്. നിരവധി ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

Advertisement