ആറ് മാസം മുന്‍പ് മികച്ച വില്ലേജ് ഓഫീസര്‍; ഇന്ന് കൈക്കൂലി കേസില്‍ പിടിയില്‍

Advertisement

കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും അറസ്റ്റില്‍. ചിത്താരി വില്ലേജ് ഓഫീസര്‍ സി. അരുണ്‍ (40), വില്ലേജ് അസിസ്റ്റന്റ് കെ. വി. സുധാകരന്‍ (52) എന്നിവരെയാണ് കാസര്‍കോട് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.
ചാമുണ്ഡിക്കുന്ന് സ്വദേശിയായ പ്രവാസി എം. അബ്ദുള്‍ ബഷീറാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ് അരുണ്‍. കഴിഞ്ഞ ഫെബ്രുവരി 22-നാണ് റവന്യൂവകുപ്പ് അരുണിനെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്തത്.
ചിത്താരി-ചാമുണ്ഡിക്കുന്ന് റോഡില്‍ കൊട്ടിലങ്ങാട്ട് 17.5 സെന്റുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പരിഗണിക്കാന്‍ വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് അബ്ദുള്‍ ബഷീറിന്റെ പരാതി. രാസവസ്തു പുരട്ടിയ 500 രൂപയുടെ ആറു നോട്ടുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരാതിക്കാരന് നല്‍കി. വ്യാഴാഴ്ച രാവിലെ വില്ലേജ് ഓഫീസിലെത്തി പരാതിക്കാരന്‍ വിജിലന്‍സ് നല്‍കിയ പണത്തില്‍ നിന്ന് 2000 രൂപ ഓഫീസര്‍ക്കും 1000 രൂപ അസിസ്റ്റന്റിനും നല്‍കി. പുറത്തു കാത്തുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും കയ്യോടെ പിടികൂടുകയായിരുന്നു.

Advertisement